ന്യൂഡല്‍ഹി: പലപ്പോഴും രാഹുല്‍ ഗാന്ധി നേരിടുന്ന പ്രധാന സംശയമാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍. എന്തായാലും ഇത്തവണ അദ്ദേഹം മറുപടിയും നല്‍കി. വിധിയില്‍ വിശ്വസിക്കുന്നുവെന്നും നടക്കേണ്ട സമയത്ത് അത് സംഭവിക്കുമെന്നുമാണ് രാഹുല്‍ ഗാന്ധി വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്.

പിഎച്ചഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ്ദാന പരിപാടിയില്‍ പങ്കെടുക്കവെ ബോക്‌സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങാണ് ഇത്തവണ ഈ ചോദ്യം ഉന്നയിച്ചത്. ഇതൊരു പഴയ ചോദ്യമാണെന്നും പറഞ്ഞ് ആദ്യം ചിരിച്ചു തള്ളിയെങ്കിലും വിജേന്ദര്‍ വിട്ടകളയാന്‍ തയ്യാറായില്ല. ഒടുവില്‍ രാഹുല്‍ ഗാന്ധി മറുപടി പറയാന്‍ തയ്യാറായി.

‘ഞാന്‍ വ്യായാമം ചെയ്യാറുണ്ട്. നീന്താറുമുണ്ട്. ഐക്കിഡോയില്‍ ഞാന്‍ ബ്ലാക്ക്‌ബെല്‍റ്റ് ആണ്. പക്ഷെ ഞാനത് പൊതുമധ്യത്തില്‍ പറയാറില്ലെന്ന് മാത്രം. കഴിഞ്ഞ മൂന്ന് , നാലു മാസമായി വ്യായാമം ചെയ്യാറില്ലെന്നത് ഞാന്‍ സമ്മതിക്കുന്നുവെങ്കിലും പൊതുവെ ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യാറുള്ള ആളാണ് ഞാന്‍’. വിജേന്ദറിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു.