തിരുവനന്തപുരം:വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടെന്നു പരാതി നല്‍കിയ തിരുവനന്തപുരം സ്വദേശിക്കെതിരെ കേസെടുത്തു.ഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് താമരക്കെന്ന് തെളിയുന്നു എന്നായിരുന്നു പരാതി.
ടെസ്റ്റ് വോട്ടില്‍ മെഷീന്‍ തകരാര്‍ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് തിരുവനന്തപുരം സ്വദേശിയായ എബിനെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വോട്ടിംഗില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചിരുന്നു. പരാതിയില്‍ ഉത്തമ ബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉടന്‍ പൊലീസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അറിയിച്ചു.
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ആരോപിച്ചിരുന്നു. എന്നാല്‍ പലയിടങ്ങളിലും പരാതി ഉന്നയിച്ചവര്‍ അതില്‍ ഉറച്ചുനില്‍ക്കാത്തതിനാല്‍ കേസെടുത്തിട്ടില്ല.കോവളത്ത് ചൊവ്വരയില്‍ കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര വന്നത് പരാതിയായിരുന്നു.ഈ ആരോപണം തള്ളി ജില്ലാ കളക്ടര്‍ വസുകിയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയും രംഗത്തെത്തിയിരുന്നു.സാങ്കേതികത്തകരാര്‍ മാത്രമാണെന്നും വോട്ട് മാറുക അസാധ്യമാണെന്നും കളക്ടര്‍ വാസുകി വിശദമാക്കിയിരുന്നു.
അതേസമയം പരാതി നല്‍കിയ വോട്ടര്‍ക്കെതിരെ കേസെടുത്തത ശരിയായ നടപടിയല്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പരാതിക്കാര്‍ തന്നെ സാങ്കേതികപ്രശ്‌നം തെളിയിക്കണം എന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.