ഇസ്ലാമാബാദ്:പാക്കിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി ഡോ.ആരിഫ് അല്‍വിയെ തിരഞ്ഞെടുത്തു.തെഹ് രീകെ ഇന്‍സാഫ് സ്ഥാപക നേതാക്കളില്‍ ഒരാളായ ആരിഫ് അല്‍വി ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കറാച്ചിയില്‍ നിന്ന് ദേശീയ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് മംമ്നൂന്‍ ഹുസൈന്റെ കാലാവധി സെപ്തംബര്‍ എട്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ആരിഫ് ആല്‍വിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
2006 മുതല്‍ 2013 വരെ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ദന്ത ഡോക്ടര്‍ കൂടിയായ ആരിഫ് ആല്‍വി.പാക്കിസ്ഥാന്‍ ദേശീയ സഭയിലും സെനറ്റിലുമായി നടന്ന വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ഡോക്ടര്‍ ആരിഫ് ആല്‍വി തിരഞ്ഞെടുക്കപ്പെട്ടത്.ആകെയുള്ള 430 വോട്ടില്‍ 212ഉം ആല്‍വിക്ക് ലഭിച്ചു.പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്‌സാന്‍, പാകിസ്താന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന എതിര്‍ സ്ഥാനാര്‍ഥികള്‍.
പാക് പ്രധാമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ സ്ഥാപക നേതാക്കളില്‍ ഒരാളായ ആരിഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിക്ക് വലിയ നേട്ടമായി.ആരിഫിന്റെ വിജയം ജനാധിപത്യത്തിന് കരുത്തുപകരുമെന്ന് ഇമ്രാന്‍ പ്രതികരിച്ചു.