[author ]എ.ആര്.ആനന്ദ്[/author]തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ജീവനക്കാര്‍, അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഭരണപരമായ വീഴ്ചകളേയും അഴിമതികളെയും കുറിച്ച് അന്വേഷിക്കുകയും അതിന്മേല് നടപടിയും കൈയ്ക്കൊള്ളുകയും ചെയ്യുന്ന തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് വിരമിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ജസ്റ്റിസ് എം.എല്‍.ജോസഫ് ഫ്രാന്‍സിസ് വിരമിച്ച ഒഴിവില്‍ പകരം നിയമനം നടന്നിട്ടില്ല. തലസ്ഥാനത്തു പാളയം സാഫല്യം കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് ഓഫീസ് നാഥനില്ലാ സ്ഥാപനമായി മാറി. സാധാരണക്കാര്‍ നല്കുന്ന പരാതിയിന്മേല് അന്വേഷിച്ച് നടപടിയെടുക്കേണ്ട ചുമതലയാണ്തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാനുള്ളത് മൂന്ന് മാസത്തിനിടെ 2000ത്തോളം പരാതികളാണ് പരിഹാരം തേടി ഓഫീസില്‍ കെട്ടികിടക്കുന്നത്. ഭൂരിഭാഗവും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ ഗുരുതരമായ അഴിമതിയെ കുറിച്ചും അധികാര ദുര്‍വിനിയോഗത്തെ കുറിച്ചുമുള്ളതാണ്. ഓംബുഡ്സ്മാന് ഇല്ലാത്തതിനാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്ക്കെതിരു ഒരു നടപടിയും കൈക്കൊള്ളുന്നില്ല. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രമായി 2000-ല്‍ നിലവില്‍ വന്ന പ്രസ്തുത സംവിധാനമനുസരിച്ച് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരേയാണ് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവര്‍ണ്ണര്‍ സ്ഥാപനത്തിന്റെ ഓംബുഡ്സ്മാനായി നിയമിക്കുന്നത്. മൂന്ന് വര്‍ഷമാണ് കാലാവധി..
22 ജീവനക്കാരാണ് ഇപ്പോള്‍ ഓംബുഡ്സ്മാന് ഓഫീസിലുള്ളത്. പരാതിയുമായി എത്തുന്നവര്‍ക്ക് പരാതി സ്വീകരിച്ച് ഫയല്‍ നമ്പര്‍ എഴുതിനല്‍കി മടക്കി വിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പരാതിയിന്മേല് നടപടിയെടുക്കാന്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലാത്തതിനാല്‍ അന്വേഷണവും വേണ്ടവിധത്തില്‍ നടക്കുന്നില്ല.
ഇന്ത്യന്‍ തെളിവ് നിയമത്തിന്റേയും നടപടിക്രമ കോഡിന്റേയും കര്‍ശന വ്യവസ്ഥകള്‍ക്ക് ഒംബുഡ്സ്മാന് വിധേയനല്ല. പ്രത്യേക അനുവാദത്തോടുകൂടി മാത്രമേ അഭിഭാഷകര്‍ക്ക് പോലും ഹാജരാകുവാന്‍ കഴിയു. ഇത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുതോടൊപ്പം കേസുകളുടെ നടത്തിപ്പ് വേഗത്തിലും ചെലവ് കുറഞ്ഞതുമാക്കി. ഒരു കേസ് ഫയല്‍ചെയ്യാന്‍ 10 രൂപമാത്രമാണ് നല്‍കേണ്ടത്. കേസ് നടത്തിപ്പിന് അഭിഭാഷകരുടെ ആവശ്യവുമില്ലെന്നതും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ആസ്ഥാനം തലസ്ഥാനത്താണെങ്കിലും ഓംബുഡ്സ്മാന്റെ സിറ്റിംഗുകള്‍ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചില തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും നടത്തുന്നുണ്ട്. മാസത്തില്‍ ഒരിക്കല്‍ നടത്തുന്ന സിറ്റിംഗും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓംബുഡ്സ്മാന് നിയമനത്തെ സംബന്ധിച്ച ഫയല്‍ എത്തിയിട്ട് ഒരുമാസമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.