തിരുവനന്തപുരം:ശബരിമല തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാര്‍ മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.നട അടച്ചിടുമെന്നു പറഞ്ഞതിന് തന്ത്രിയില്‍ നിന്നും വിശദീകരണം തേടിയ സംഭവത്തിലാണ് മന്ത്രി സര്‍ക്കാരിന്റെ നിലപാട് നിയമസഭയില്‍ വ്യക്തമാക്കിയത്.തന്ത്രിമാര്‍ സര്‍ക്കാരിന് കീഴിലല്ല ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശാന്തിക്കാരെ പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടവരാണ് തന്ത്രിമാര്‍. അവരുടെ തീരുമാനങ്ങള്‍ ദേവസ്വംബോര്‍ഡിന് വിധേയമായിട്ടായിരിക്കും. പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ല.
ശബരിമലയിലെ അന്നദാനത്തിന് ദേവസ്വം ബോര്‍ഡ് സംഘപരിവാര്‍ സംഘടനകളെ ആശ്രയിക്കുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണ്.വിവിധ സംഘടനകളും വ്യക്തികളും അന്നദാനത്തിന് സഹായങ്ങള്‍ നല്‍കുന്നുണ്ട്.അത് കുമ്മനം രാജശേഖരന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടു വന്നാലും നമ്മള്‍ സ്വീകരിക്കും.അന്നദാനത്തിന് കൊണ്ടു വരുന്ന സാധനം വേണ്ടെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും മന്ത്രി ചോദിച്ചു.
അതേസമയം ഹിന്ദു ഐക്യവേദി നേതാവ് ശശികല വര്‍ഗീയത വ്യാപരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണെന്നും ഇവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന വാശിയില്ല.അങ്ങനെയുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ കയറുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.