ചെന്നൈ: ‘തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്തെ ശൂന്യത’ യെക്കുറിച്ച് സൂപ്പർതാരം രജനീകാന്തിന്റെ അഭിപ്രായങ്ങളിൽ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ രണ്ടു പാർട്ടിക്കാരും പ്രകോപിതരായി.രജനിയുടെ അവകാശവാദത്തെ എതിർക്കുന്നതിൽ ഇരുപാർട്ടികളും പിശുക്ക് കാട്ടിയില്ല. രജനീകാന്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കാൻ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ അടുത്തിടെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിജയങ്ങൾ ഉദാഹരണമായി എടുത്തപ്പോൾ, എം.കെ സ്റ്റാലിൻ ഇതിനകം ആ ശൂന്യമായ ഇടം നിറച്ചിട്ടുണ്ടെന്നും നടന് അത് അറിയില്ലെന്നും ഡിഎംകെ മറുപടി കൊടുത്തു.ശക്തനും ശരിയുമായ ഒരു നേതാവിന് തമിഴ്‌നാട് രാഷ്ട്രീയമേഖലയിൽ ഇടമുണ്ടെന്ന് രജനീകാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് മണിക്കൂറുകൾക്കകം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പടി പളനിസ്വാമി രജനികാന്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചത് വിക്രാവണ്ടിയിൽ നടത്തിയ പൊതുയോഗത്തിലെ പ്രസംഗത്തിൽ. “ശൂന്യത എവിടെ? ഞങ്ങളുടെ സഖ്യകക്ഷികളുടെ സഹായത്തോടെ ഞങ്ങളുടെ സ്ഥാനാർത്ഥി മുത്തമിൽസെൽവൻ വിക്രാവണ്ടിയിൽ 45,000 വോട്ടുകൾക്ക് വിജയിച്ചു. ഒരു രാഷ്ട്രീയ ശൂന്യത ഉണ്ടോ? കോൺഗ്രസിന്റെ കോട്ട എന്ന് മുദ്രകുത്തപ്പെട്ട നംഗുനേരിയിൽ ഞങ്ങളുടെ സ്ഥാനാർത്ഥി നാരായണൻ 34,000 വോട്ടുകൾക്ക് വിജയിച്ചു. അപ്പോൾ ശൂന്യത എവിടെയാണ്? അടുത്തിടെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പു ഫലങ്ങളിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശൂന്യതയില്ലെന്ന് ജനങ്ങൾ തെളിയിച്ചിട്ടുണ്ട്, ”എടപ്പാടി പളനിസ്വാമി വെള്ളിയാഴ്ച വൈകുന്നേരം പറഞ്ഞു.

രജനീകാന്തിന്റെ പ്രസ്താവനയോട് പ്രതികരിച്ച ഡിഎംകെ ട്രഷറർ ദുരൈ മുരുകനും ശൂന്യത ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ നികത്തിയെന്ന് പറഞ്ഞിരുന്നു. “നമ്മുടെ ദളപതി (സ്റ്റാലിൻ) ആ സ്ഥലം നിറച്ചിട്ട് വളരെക്കാലമായി. അദ്ദേഹം (രജനീകാന്ത്) രാഷ്ട്രീയത്തിലുണ്ടായിരുന്നു എങ്കിൽ അദ്ദേഹത്തിനത് മനസ്സിലായേനെ. അദ്ദേഹം ഒരു നീണ്ട ഷൂട്ടിംഗ് ഷെഡ്യൂളിലായതിനാൽ സംസ്ഥാനത്തിന്റെ രാഷ്ട്രീയ നില അദ്ദേഹത്തിന് അറിയില്ല. അദ്ദേഹം നേരിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ, എം‌കെ സ്റ്റാലിൻ രാഷ്ട്രീയരംഗത്ത് ആ ശൂന്യത നിറച്ചിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കും, ”ദുരൈ മുരുകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുൻമുഖ്യമന്ത്രിമാരായ ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗമുയർത്തിയ ശൂന്യതയാണ് രജനി ഉദ്ദേശിച്ചത്.കേഡർ പാർട്ടിയായ ഡി എം കെയിൽ എം കെ സ്റ്റാലിൻ ഏറെക്കുറെ ശക്തമായ നേതൃത്വം നൽകുന്നുണ്ട്.എങ്കിലും കരുണാനിധിയോളം തലയെടുപ്പില്ല സ്റ്റാലിന്.അണ്ണാ ഡി എം കെ യിലാണെങ്കിൽ ജയലളിതയായിരുന്നു നേതാവ് ബാക്കിയെല്ലാവരും അനുയായികളും.അതു കൊണ്ടു തന്നെ എ ഐ എ ഡി എം കെയിൽ കരുത്തുറ്റ ഒരു നേതാവില്ല തന്നെ. സ്വാഭാവികമായും രജനിയുടെ ഉദ്ദേശം അണ്ണാ ഡി എം കെ യാണ്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ രജനി എ ഐ എ ഡി എം കെ പാളയത്തിലെത്തും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.പക്ഷെ രജനിയുടെ നേതൃത്വം എടപ്പാടിയും കൂട്ടാളികളും അംഗീകരിക്കുമോ എന്നത് സംശയമാണ്. തമിഴ്നാട്ടിൽ എ ഐ എ ഡി എം കെ രജനിയെ മുൻനിർത്തി പോരിനിറങ്ങിയാൽ ഡി എം കെയുടെ സാധ്യതകൾ മങ്ങും തീർച്ച.