കോട്ടയം:തരം കിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. ‘കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍’എന്നാണ് ഇത്തരക്കാരെ കെ എം മാണി വിശേഷിപ്പിച്ചിരുന്നതെന്ന് കേരളാ കോണ്‍ഗ്രസ് മുഖമാസികയായ പ്രതിച്ഛായ.കോണ്‍ഗ്രസിനേയും പി ജെ ജോസഫിനെയും വിമര്‍ശിച്ച് ‘കെ എം മാണി മടങ്ങിപോയി മുറിവുണങ്ങാത്ത മനസ്സുമായി’ എന്ന തലക്കെട്ടോടെയാണ് പ്രതിച്ഛായയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.പത്രാധിപര്‍ ഡോ.കുര്യാസ് കുമ്പളക്കുഴിയാണ് ലേഖനം എഴുതിയിരിക്കുന്നത്. ബാര്‍കോഴയിലടക്കം മാണിയെ ഒറ്റപ്പെടുത്തിയെന്നതടക്കം പി ജെ ജോസഫിനെയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ചാണ് ലേഖനം കൊടുത്തിട്ടുള്ളത്.
‘അമ്പത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബാര്‍ കോഴക്കേസ് ശത്രുക്കള്‍ക്ക് മുന്നില്‍ വീണു കിട്ടുന്നത്. ഉറഞ്ഞു തുള്ളിയ ശത്രുക്കള്‍ക്കിടയില്‍ നിന്ന് ‘ഹാ ബ്രൂട്ടസേ നീയും’ എന്ന് സീസറെ പോലെ നിലവിളിക്കാനെ കെ എം മാണിക്ക് കഴിഞ്ഞുള്ളു.
ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്ടോബര്‍ 31 ന് കെ എം മാണി എന്ന രാഷ്ട്രീയ അതികായന്റെ കൊടിയിറക്കം തുടങ്ങി.കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പല ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നേതാവിനെ ലക്ഷ്യമിട്ടുള്ള നീക്കം ഇതാദ്യമായിരുന്നു. ‘ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടെ’ എന്ന തന്ത്രമാണ് രാഷ്ട്രീയ എതിരാളികള്‍ പയറ്റിയത് . വേണ്ടിവന്നാല്‍ മന്ത്രി സ്ഥാനം രാജി വച്ച് പ്രതിഷേധിക്കാമെന്നും മന്ത്രി സഭയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും കെഎം മാണിയും കേരളാ കോണ്‍ഗ്രസിനെ സ്‌നേഹിച്ചിരുന്നവരും മുന്നോട്ടു വച്ചു. അപ്പോള്‍ ഔസേപ്പച്ചന്‍ സമ്മതിക്കുമോ എന്നായിരുന്നു കെ എം മാണിയുടെ സന്ദേഹം.സാറു പറഞ്ഞാല്‍ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു.പക്ഷെ അതുണ്ടായില്ല.അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്.ലേഖനത്തില്‍ പറയുന്നു.
ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.അതില്‍ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നോയെന്ന് അറിയില്ല. അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും പ്രതിഛായയിലുടെ വിമര്‍ശിക്കുന്നു.അതേസമയം പ്രതിഛായയിലെ ലേഖനം കേരളകോണ്‍ഗ്രസിന്റെ അറിവോടെയല്ല പ്രസിദ്ധീകരിച്ചതെന്ന് കേരളകോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ് പറഞ്ഞു.സംഭവത്തില്‍ അന്വേഷണം നടത്തും.