ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ ‘ഹിന്ദു പാകിസ്താന്‍’ പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത്.രാജ്യത്തിന്റെ ജനാധിപത്യത്തേയും ഹിന്ദുക്കളേയും അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപി നേതാവ് സംബിത് പത്ര ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നായിരുന്നു തരൂര്‍ തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ പരാമര്‍ശിച്ചത്.
ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയെ അപമാനിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് സംബിത് പത്ര പറഞ്ഞു.വില കുറഞ്ഞ ഇത്തരം പ്രസ്താവനകള്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്.കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും അന്തരീക്ഷമുണ്ടാക്കിയത് ബി.ജെ.പിയാണ്. എന്നാല്‍ ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളായ ബഹുസ്വരതയും വൈവിധ്യവും, മതങ്ങളും വംശങ്ങളും തമ്മിലുള്ള ഐക്യവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്. നമ്മളില്‍ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബി.ജെ.പിയെ വിമര്‍ശിക്കുമ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും മനസിലാക്കണം- സുര്‍ജേവാല വ്യക്തമാക്കി.
ബിജെപി ഹിന്ദു രാഷ്ട്രമെന്ന ആദര്‍ശത്തിന്റെ സംരക്ഷകരായിരിക്കുന്നിടത്തോളം താന്‍ എന്തിനാണ് മാപ്പു പറയുന്നതെന്നാണ് തരൂരിന്റെ നിലപാട്.