കണ്ണൂര്‍: കള്ളവോട്ട് ആരോപണവുമായി വീണ്ടും കോണ്‍ഗ്രസ്. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎമ്മുകാര്‍ ആസൂത്രിതമായി ബഹളമുണ്ടാക്കി കള്ളവോട്ടു ചെയ്‌തെന്നാണ് ആരോപണം.171-ാം ബൂത്തില്‍ ബഹളം നടക്കുന്ന സമയത്ത് 172-ാം നമ്പര്‍ ബൂത്തില്‍ 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് നാരായണന്റെ ആരോപണം.ഇതില്‍ വിദേശത്തുള്ളവരുടെ വോട്ടുകളും ചെയ്തിട്ടുണ്ട്.
അതേസമയം കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം. മണ്ഡലത്തില്‍ 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് പരാതി നല്‍കി.റീ പോളിങ് നടത്തുകയാണെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
കള്ളവോട്ട് ആരോപണം ഗുരുതരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.കള്ളവോട്ട് വിവാദത്തില്‍ ജില്ലാ കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നും ടിക്കാറാം മീണ അറിയിച്ചു.