ദില്ലി: ലോകാല്‍ഭുതങ്ങളിലൊന്നായ താജ്മഹലിന് വേണ്ടവിധത്തില്‍ സംരക്ഷണം നല്‍കാത്തതില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.താജ്മഹല്‍ സംരക്ഷിക്കാനാകില്ലെങ്കില്‍ പൊളിച്ചുകളയൂ എന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.
ഈഫല്‍ ടവറിനെക്കാള്‍ സുന്ദരമായ താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.ഉദാസീനത മൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടം തിരിച്ചറിയുന്നുണ്ടോയെന്നും കോടതി ചോദിച്ചു.താജ്മഹലിന്റെ സംരക്ഷണത്തിന് വിശദമായ രൂപരേഖ സമര്‍പ്പിക്കുമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനങ്ങിയിട്ടില്ലെന്നും ജസ്റ്റിസ് മദന്‍.ബി.ലോകൂര്‍,ദീപക്ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി.മെഹ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കേന്ദസംസ്ഥാന സര്‍ക്കാരുകളേയും ആര്‍ക്കിയോളജി വിഭാഗത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചത്.ഈ മാസം 31-ന് താജ് മഹല്‍ സംരക്ഷണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമായി അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.