തിരുവനന്തപുരം:വെള്ളപ്പൊക്കക്കെടുതികള്‍ സാരമായി ബാധിക്കാതിരുന്ന തലസ്ഥാനഗരത്തെ ഇന്നലെ പെയ്ത മഴ വെള്ളത്തിലാക്കി.മണിക്കുറുകളായി ശക്തമായ മഴ പെയ്യുന്നതും അരുവിക്കര,നെയ്യാര്‍,പേപ്പാറ അണക്കെട്ടുകള്‍ തുറന്നതുമാണ് പെട്ടെന്ന് ജില്ലയെ വെള്ളത്തിലാക്കിയത്.നെടുമങ്ങാട്,ബോണക്കാട് തുടങ്ങി മലയോരമേഖലകളിലും മഴ ശക്തമായി തുടരുകയാണ്.
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ സമീപ പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറി.നെയ്യാറ്റിന്‍ കര അമരവിള പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.നെയ്യാറ്റിന്‍ കരയില്‍ 15 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.വീടുകള്‍ വെള്ളത്തിലായ കുടുംബങ്ങളെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ബോട്ടുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.ഇവിടെനിന്നും പലരും ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാതെ നിന്നെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ എല്ലാവരെയും നിര്‍ബന്ധിച്ച് ബോട്ടുകളില്‍ കയറ്റുകയായിരുന്നു.ചെമ്പരത്തിവിള,പ്ലാവിള തുടങ്ങിയ പ്രദേശങ്ങളില്‍ ചില വീടുകള്‍ പൂര്‍ണ്ണമായും മുങ്ങിയ നിലയിലാണ്.എക്‌സൈ് ചെക്ക്‌പോസ്റ്റ് മുങ്ങിയിരിക്കുകയാണ്.തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
ഗൗരീശപട്ടത്ത് നിരവധി വീടുകളില്‍ വെള്ളം കയറി.18 കുടുംബങ്ങളാണ് ഇവിടെ കുടുങ്ങിയത്.അറുപതോളം പേരാണ് വീടുകളുടെ ടെറസില്‍ അഭയംപ്രാപിച്ചത്.പോലീസും ഫയര്‍ഫോഴ്‌സുമെത്തി ആളുകളെ ബോട്ടുകളില്‍ കയറ്റി ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റുകയാണ്.ആമയിഴഞ്ചാന്‍ തോടും കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നാണ് ഇവിടെ വെള്ളപ്പൊക്കമുണ്ടായത്.ജഗതി,കിള്ളിപ്പാലം തുടങ്ങിയ സ്ഥലങ്ങളും വെള്ളക്കെട്ടിലാണ്.