തിരുവനന്തപുരം:ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ശബരിമല ദര്‍ശനത്തിനായി പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പൊലീസ്.എന്നാല്‍ മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17-ന് എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചത്.
സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക.ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി.ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വിമാനത്താവളം മുതല്‍ വാഹനമുള്‍പ്പെടെ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നും തനിക്കും ഒപ്പമുള്ള ആറു പേര്‍ക്കും താമസസൗകര്യവും മറ്റെല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കണമെന്നുമാണ് തൃപ്തി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടത്.
തങ്ങളെ തടയാനെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തൃപ്തി ആവശ്യപ്പെടുന്നുണ്ട്.ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോവില്ലെന്നും ഇവര്‍ പറയുന്നു.എന്നാല്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യേക സുരക്ഷ ഇവര്‍ക്ക് നല്‍കാനാവില്ലെന്നാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്.