തൃശൂര്‍:വടക്കാഞ്ചേരിയില്‍ വീടിനുള്ളില്‍ തീപിടിത്തമുണ്ടായി രണ്ട് കുട്ടികള്‍ മരിച്ചു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ ആച്ചക്കോട്ടില്‍ ഡാന്റോസന്റെ മക്കളായ ജാന്‍ഫലീസ് (10) സെലസ്മി (2) എന്നിവരാണ് മരിച്ചത്. ഡാന്റോസിന്റെ ഭാര്യ ബിന്ദു മൂത്തമകള്‍ സെലസ്നിയ എന്നിവര്‍ക്ക് പരിക്കേറ്റു.പാചകവാതകം ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.ഡാന്റോസന്‍ വീടിനു പുറത്തു നില്‍ക്കുകയായിരുന്നു.കുട്ടികള്‍ ഉറങ്ങിക്കിടക്കുന്ന മുറിയില്‍ പൊട്ടിത്തെറിയുണ്ടായതെന്ന് പറയപ്പെടുന്നു. പൊട്ടിത്തെറി കേട്ട് വീട്ടിനുള്ളിലേക്ക് കടന്ന ഡാന്റോസന്‍ ടിവി കണ്ടുകൊണ്ടിരുന്ന മൂത്തമകള്‍ സെലസ്‌നിയയെ പുറത്തെത്തിച്ചു.എന്നാല്‍ ഇളയ കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയില്‍ തീപടര്‍ന്നതിനാല്‍ അങ്ങോട്ടേക്ക് കടക്കാനായില്ല.കട്ടിലില്‍ വെന്തു മരിച്ച നിലയിലായിരുന്നു കുട്ടികള്‍. ഡാന്റോസന്റെ ഭാര്യ ബിന്ദു തീപിടുത്തമുണ്ടായ ഉടന്‍ പുറത്തേക്ക് ഓടിയിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു.അപകടകാരണം കൃത്യമായി കണ്ടെത്താനായിട്ടില്ല.