തിരുവനന്തപുരം:തൃശൂരില്‍ സുരേഷ്‌ഗോപി എംപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. സുരേഷ്‌ഗോപിയെ നേതൃത്വം ചര്‍ച്ചകള്‍ക്കായി ദില്ലിയിലേക്കു വിളിപ്പിച്ചു.ഇന്നു തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനതിയതി മറ്റന്നാളാണ്.
ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് തൃശൂര്‍. ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തുഷാര്‍ രണ്ടു ദിവസം തൃശൂരില്‍ പ്രചരണം നടത്തുകയും ചെയ്തു.എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതോടെ കൂടുതല്‍ സ്വീകാര്യതയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി വേണമെന്ന് കേന്ദ്രം നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെയാണ് തുഷാര്‍ വയനാട്ടിലേക്കു സ്ഥാനാര്‍ത്ഥിയായി എത്തുന്നതും തൃശൂര്‍ മണ്ഡലം ഒഴിഞ്ഞു കിടക്കുന്നതും.
ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന മണ്ഡലമായതുകൊണ്ടുതന്നെ തൃശൂരില്‍ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. തീരുമാനം. ആദ്യം എംടി രമേശിന്റെ പേര് ഉയര്‍ന്നുവന്നുവെങ്കിലും നിലവില്‍ സുരേഷ് ഗോപിക്ക് തന്നെയാണ് സാധ്യതയെന്നാണ് സൂചന.