തൃശൂര്‍:തൃശ്ശൂര്‍ മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസിനെയാണ് ഒന്നാം പ്രതിയാക്കി കേസെടുത്തത്.വധശ്രമം,കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി 120 പേര്‍ക്കെതിരെയും കേസെടുത്തു.നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സമരം ചെയ്തത്.കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം.എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിച്ചു.രാത്രി 12 മണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി.സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയൂസ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സമരപ്പന്തല്‍ പൊലീസ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു.
മുപ്പതോളം ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെ അറസ്റ്റ് ചെയ്തു. യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങിയാലുടന്‍ അറസ്റ്റ് ചെയ്യും.