തൃശൂര്‍:തെച്ചിക്കാട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്ക് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.ജനങ്ങളെ അകലെ നിര്‍ത്തണമെന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതലെടുക്കണമെന്നും എജി മുന്നറിയിപ്പ് നല്‍കി.അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആനയുടമ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇക്കാര്യം ഉടമയില്‍ നിന്ന് എഴുതി വാങ്ങണമെന്നും അഡ്വ.ജനറല്‍ വ്യക്തമാക്കി.ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നും നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അന്തിമ തീരുമാനം ജില്ലാ കളക്ടര്‍ക്കു വിട്ടിരുന്നു.എജിയുടെ നിയമോപദേശം ലഭിച്ചതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നെള്ളിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയേക്കും.