പറവൂര്‍:പ്രചരണത്തിനായി മണ്ഡലം മാറിക്കയറിയതിനു പിന്നാലെ കോടതിമുറിയിലും ചാടിക്കയറി അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍.എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കണ്ണന്താനം പറവൂരില്‍ വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായാണ് കോടതിമുറിയില്‍ കയറിയത്.പറവൂര്‍ അഡീഷണല്‍ സബ് കോടതിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.ബാര്‍ അസോസിയേഷന്‍ പരിസരത്ത് വോട്ട് ചോദിച്ചെത്തിയ കണ്ണന്താനം സമീപത്തുള്ള അഡീഷണല്‍ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു.
കോടതിചേരുന്ന സമയമായതിനാല്‍ കക്ഷികളും അഭിഭാഷകരുമെല്ലാം കോടതിമുറിയിലുണ്ടായിരുന്നു. എന്നാല്‍ ജഡ്ജി എത്തിയിരുന്നില്ല. കണ്ണന്താനത്തിനൊപ്പം ബി.ജെ.പി.നേതാക്കളുമുണ്ടായിരുന്നു.കോടതിയില്‍ കയറിയതല്ലാതെ വോട്ടഭ്യര്‍ഥിച്ചില്ലെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.
സ്ഥാനാര്‍ഥി കോടതിമുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു.