തിരുവനന്തപുരം: നിലമ്പൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിധി നിയമം ലംഘിച്ചതിന് തെളിവായി വിവരവകാശ രേഖ. 207.84 ഏക്കര്‍ ഭൂമിയാണ് എം.എല്‍.എയുടെ കൈവശമുള്ളത് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാമെന്ന ഭൂമിയുടെ പരിധി 15 ഏക്കര്‍ മാത്രമായിരിക്കെയാണ് അന്‍വറിന്റെ നഗ്നമായ നിയമലംഘനം. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കമ്മിഷന് നല്കിയ സത്യവാങ്മൂലത്തില്‍ നിന്ന് അന്‍വര്‍ മറച്ചുവച്ചതായും കണ്ടെത്തി.
അന്‍വറിന്റെ കൈവശമുള്ള ഭൂമി കാര്‍ഷികേതര ആവശ്യത്തിനുള്ളതാണ്. ഭൂപരിധി നിയമം ലംഘിച്ചാല്‍ അനുവദിച്ച പരിധിയുടെ ശേഷിക്കുന്ന ഭൂമി സര്‍ക്കാരിന് പിടിച്ചെടുക്കാനാവും. അന്‍വറിന്റെ കാര്യത്തില്‍ 188 ഏക്കര്‍ സര്‍ക്കാരിന് തിരിച്ചെടുക്കാനാവും. മാത്രമല്ല, കൂടരഞ്ഞിയിലെ വിവാദമായ വാട്ടര്‍ തീം പാര്‍ക്ക് പി.വി അന്‍വറിന്റെയും പി.വി.ആര് എന്റര്ടെയ്ന്മെന്റിന്റേതുമാണ്. പാര്‍ക്ക് നിലനില്‍ക്കുന്ന 11 ഏക്കറിന്റെ 60 ശതമാനവും അന്‍വറിന് അവകാശപ്പെട്ടതാണ്.
അതേസമയം, ഭൂസംരക്ഷണ നിമയം ലംഘിച്ച പി.വി.അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് രംഗത്തുവന്നു. നിലമ്പൂരില്‍ ചായ അടിക്കാന്‍ നിന്ന പി.വി.അന്‍വര്‍ എങ്ങനെ 207.84 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥനായെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം വിഭൂതിയില്‍ നിന്നുണ്ടാക്കിയതാണോ ഇക്കണ്ടതെല്ലാമെന്നും ഇതേക്കുറിച്ച് കേന്ദ്രഏജന്‍സിക്ക് പരാതി നല്‍കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.