തിരുവനന്തപുരം: അമ്പൂരിയിലെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ നിര്‍ണ്ണായകമായ തെളിവ് ലഭിച്ചു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ്സ്റ്റാന്റിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പ്രതികള്‍ രാഖിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. താന്‍ രാഖിയെ കൊന്നിട്ടില്ലെന്നു പറയുന്ന പ്രതി അഖിലിനെതിരെയുള്ള ശക്തമായ തെളിവാണ് പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍.
ദൃശ്യത്തില്‍ കാണുന്നത് രാഖിയെത്തന്നെയാണെന്നും വീട്ടില്‍നിന്നും പോകുമ്പോള്‍ മകള്‍ ധരിച്ചിരുന്നത് ഇതേ വേഷമായിരുന്നെന്നും രാഖിയുടെ അച്ഛന് പറഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന് രാഖി ജൂണ്‍ 21 ന് ജോലിസ്ഥലത്തേക്കെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയില്‍ കാമുകനായ അഖിലിന്റെ വീടിനു സമീപം കുഴിച്ചിട്ട നിലയില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്.