കൊച്ചി:തൊടുപുഴയില്‍ ഏഴു വയസുകാരന്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍.കുട്ടിയെ മര്‍ദിച്ച ഇവരുടെ സുഹൃത്തായ അരുണ്‍ ആനന്ദ് നേരത്തേ അറസ്റ്റിലായിരുന്നു.കുട്ടിയെ ക്രൂരമായി മര്‍ദിച്ചപ്പോള്‍ തടയാതെ കൂട്ടുനിന്നതിനും കുറ്റവാളിയായ അരുണ്‍ ആനന്ദിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് കുട്ടിയുടെ അമ്മയെ അറസ്റ്റു ചെയ്തത്.ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍.10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
അരുണ്‍ ആനന്ദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടും കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നതില്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കുട്ടിക്ക് ക്രൂരമര്‍ദനമേറ്റ ദിവസം രാത്രിയില്‍ രണ്ടുകുട്ടികളേയും വീട്ടില്‍ പൂട്ടിയിട്ട് അമ്മ സൃഹൃത്തിനൊപ്പം പുറത്തുപോയതും കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അമ്മയുടെ അസ്വാഭാവിക പെരുമാറ്റവുമെല്ലാം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ഏഴുവയസുകാരന്‍ മരിച്ചത്. അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ കുട്ടി ഒരാഴ്ച വെന്റിലേറ്ററില്‍ കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തലച്ചോറിനേറ്റ് മാരകമായ ക്ഷതമാണ് മരണകാരണമായത്. അതേ സമയം കുട്ടിയുടെ അനുജനെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി.