കണ്ണൂര്‍: പിടിച്ചെടുത്ത തൊണ്ടി മുതല്‍ ആക്രിക്കടക്കാരന് വിറ്റ് കണ്ണൂര്‍ തളിപ്പറമ്പിലെ പൊലീസുകാര്‍. മണല്‍ കടത്തുന്നതിനിടെ ഡ്രൈവര്‍ ഉപേക്ഷിച്ച് കടന്ന ലോറിയാണ് കത്തിച്ച ശേഷം ആക്രിക്കച്ചവടക്കാരന് വിറ്റത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ 5 പൊലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി.
കഴിഞ്ഞ മാസം മൂന്നിനാണ് തളിപ്പറമ്പ് പറപ്പൂലില്‍ മണല്‍ കടത്തുന്ന ലോറിയെ തളിപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് പിന്തുടര്‍ന്നത്. കൂടുതല്‍ പൊലീസ് എത്തിയതോടെ മണല്‍ ലോറി ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു. ഇതിന് ശേഷമായിരുന്നു 4 പൊലീസുകാര്‍ ചേര്‍ന്ന് വാഹനം കത്തിച്ച് ഖലാസികളെ എത്തിച്ച് ആക്രിക്കാരന് ലോറി വിറ്റത്. സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടരി പരാതി നല്‍കിയതോടെയാണ് വിവരം പുറത്തെത്തിയത്. പൊലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി. കത്തിച്ച വാഹനം തിരികെ സ്റ്റേല്‍നിലെത്തിച്ചു.
നേരത്തെയും ഇത്തരത്തില്‍ ആക്രി സാധനങ്ങള്‍ പൊലീസുകാരില്‍ നിന്ന് വാങ്ങിയതായി ആക്രിക്കാരനും മൊഴി നല്‍കിയതായാണ് വിവരം. ഖലാസികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. പിടിച്ചെടുത്ത വസ്തു തൊണ്ടി മുതലായി സ്റ്റേഷനില്‍ എത്തിക്കണമെന്നിരിക്കെയാണ് ക്രമക്കേട് നടന്നത്. കോടികള്‍ വിലവരുന്ന വാഹനങ്ങള്‍ സ്റ്റേഷനുകളില്‍ കിടന്ന് നശിക്കുമ്പോള്‍ സമാനമായി നടന്നിരിക്കാവുന്ന സംഭവങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
പിടിച്ചെടുക്കുന്ന വാഹനങ്ങളില്‍ നിന്ന് വിലയേറിയ ഭാഗങ്ങള്‍ ഊരിമാറ്റുന്ന സംഭവങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. അതേസമയം തളിപ്പറമ്പിലേത് പൊലീസുകാര്‍ക്കിടയിലുള്ള പടലപ്പിണക്കത്തിന്റെ ഭാഗമായി നടന്നതാണെന്ന് മുതിര്‍ന്ന പൊലീസുകാര്‍ പറയുന്നു. ഏതായാലും പൊലീസ് സേനക്ക് നാണക്കേടാകുന്ന സംഭവങ്ങളാണുണ്ടായതെന്നും ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.