ദില്ലി: അധോലോകനായകനെപ്പോലെ തോക്കും മദ്യഗ്‌ളാസ്സുമായി ഡാന്‍സുകളിച്ച് ബിജെപി എംഎല്‍എ വിവാദത്തില്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രണവ് സിംഗ് ചാമ്പ്യനാണ് തോക്കെടുത്ത് പോലീസിന്റെ നോട്ടപ്പുള്ളിയായത്. മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രണവ് സിംഗ് ചാമ്പ്യന്‍ ഹരിദ്വാറിലെ ലസ്‌കറില്‍ നിന്നുള്ള എംഎല്‍എയാണ്. എംഎല്‍എയുടെ വീട്ടിലാണ് മദ്യപാനമടക്കമുള്ള പാര്‍ട്ടി നടന്നത്.
കറുപ്പ് ബനിയനും പാന്റ്‌സും ധരിച്ച് സോഫയിലേക്ക് കാല്‍ കയറ്റിവച്ചായിരുന്നു എംഎല്‍എ ഡാന്‍സ് കളിച്ചത്.രണ്ടുകൈയ്യിലും തോക്ക് പിടിച്ചതു കൂടാതെ വായില്‍ തോക്ക് കടിച്ചു പിടിച്ചും എംഎല്‍എ നൃത്തം ചെയ്തു.ഇടയ്ക്കിടെ തോക്കുകള്‍ മാറ്റിപ്രദര്‍ശിപ്പിക്കുന്നുമുണ്ട്.ഇടയ്ക്ക് മദ്യപിക്കുന്നുമുണ്ട്. എംഎല്‍എയ്‌ക്കൊപ്പമുള്ളവരും ഡാന്‍സ് കളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു. എംഎല്‍എ പ്രദര്‍ശിപ്പിച്ച തോക്കുകള്‍ ലൈസന്‍സുള്ളവയാണോയെന്ന് അന്വേഷിക്കുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.