തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റക്കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന് സര്‍ക്കാരിന് വേണ്ടി ഹാജരാവണമെന്ന റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം തള്ളിയത് മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹിക്കുന്ന വിധി കിട്ടുന്നതിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
റവന്യൂ കേസുകളില്‍ പരിചയമുള്ള അഭിഭാഷകന് ഹാജരാകുന്നതാണ് കേസ് ഫലപ്രദമായി നടത്തുന്നതിന് ഗുണകരമെന്നതിനാലാണ് റവന്യൂ കേസുകള്‍ നടത്തി പരിചയമുള്ള അഡീഷണല്‍ എ.ജി ഹാജരാവണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍ദ്ദേശിച്ചത്. പക്ഷേ അത് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ദോഷം ചെയ്യുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടാകണം. അതിനാലാണ് അഡീഷണല്‍ എ.ജിയെ മാറ്റിയത്. സി.പി.എമ്മും തോമസ് ചാണ്ടിയും തമ്മിലുള്ള സാമ്പത്തിക ബന്ധമാണ് ഇതുവഴി പുറത്ത് വരുന്നത്. തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എല്ലാ അടവുകളും പയറ്റുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.