തിരുവനന്തപുരം: കായല്‍ കൈയേറ്റം തെളിയിക്കാന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി കുറ്റവാളിയുടെ ജല്പനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും അന്വേഷണ സംഘത്തിന് കഴിയില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമുള്ള തോമസ് ചാണ്ടിയുടെ പ്രസംഗത്തിനെതിരെയാണ് ചെന്നിത്തലയുടെ പ്രസ്താവന. ഒപ്പം കുറ്റം തെളിയിക്കാന്‍ രമേശ് ചെന്നിത്തലയെ തോമസ് ചാണ്ടി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
മന്ത്രിയുടെ വെല്ലുവിളി നേരത്തെ താന്‍ ഏറ്റെടുത്തതാണെന്നും കായല്‍ പ്രദേശം യു.ഡി.എഫ് എം.എല്‍.എമാര്‍ക്കൊപ്പം സന്ദര്‍ശിച്ച് കൈയേറ്റം ബോദ്ധ്യപ്പെട്ടതാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്തതിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട് ജയിലില്‍ പോകേണ്ടി വരുമെന്ന വേവലാതി കാരണമാണ് താന്‍ അവിടെ ചെന്ന കാര്യം മറന്ന് മന്ത്രി വീണ്ടും വെല്ലുവിളിക്കുന്നത്. താന്‍ മാത്രമല്ല, കൈയേറ്റത്തിനെതിരെ നടപടി സ്വീകരിക്കേണ്ട ജില്ലാ കളക്ടറും അവിടെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കി. ഇതിനപ്പുറം ഇനി എന്ത് അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അന്തസുണ്ടെങ്കില്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതു പോലെ മന്ത്രി രാജി വച്ച് വീട്ടില്‍ പോവുകയാണ് വേണ്ടത്. അന്വേഷണ ഏജന്‍സിക്ക് തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയില്ലെന്ന് തോമസ് ചാണ്ടിയുടെ പ്രഖ്യാപനം ഭീഷണിയും അധികാരത്തിന്റെ അഹന്തയുമാണ്. തോമസ് ചാണ്ടിയെ ഒപ്പം കൂട്ടി ജനജാഗ്രതാ യാത്ര നടത്തേണ്ടി വന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരിതാപകരമായ അവസ്ഥയില്‍ സഹതപിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.