തിരുവനന്തപുരം: രൂക്ഷമായ വിമര്‍ശനം ഉണ്ടായപ്പോഴും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അസ്വാഭാവികവും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അനുകൂലമാക്കി വാങ്ങിയ ശേഷം മന്ത്രി തോമസ് ചാണ്ടിയെ കായല്‍ കൈയേറ്റ കേസില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ പറഞ്ഞു.
കായല്‍ കൈയേറ്റ കേസില്‍ ഭാഗികമായ അന്വേഷണം മാത്രമാണ് കളക്ടര്‍ നടത്തിയതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ തോമസ് ചാണ്ടി കായല്‍ കൈയേറിയെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് അട്ടിമറിച്ച് സര്‍ക്കാര്‍ കോടതിയില്‍ കാര്യങ്ങള്‍ മാറ്റിപ്പറയുകയായിരുന്നു. കോടീശ്വരനായ തോമസ് ചാണ്ടി മന്ത്രിയായിരുന്ന് സര്‍ക്കാരില്‍ ചെലുത്തുന്ന സ്വാധീനമാണ് ഇതിലൂടെ വെളിപ്പെടുന്നത്. കോടതി ചോദിച്ചതു പോലെ കായല്‍ കൈയേറ്റ കേസില്‍ പ്രത്യക പരിഗണന തന്നെയാണ് തോമസ് ചാണ്ടിക്ക് സര്‍ക്കാര്‍ നല്‍കുന്നത്. തോമസ് ചാണ്ടിയെ എതിര്‍ക്കുന്നതായി ഭാവിച്ച സി.പി.ഐ യും പൂര്‍ണമായി ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചേര്‍ന്നിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
തോമസ് ചാണ്ടിയും പിണറായിയും തമ്മില്‍ തീവ്രബന്ധം: കുമ്മനം
തിരുവനന്തപുരം: തോമസ് ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അറിഞ്ഞിരുന്നെങ്കില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോയെന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തോമസ് ചാണ്ടിയുടെ പണക്കിലുക്കത്തിന് മുന്നില്‍ ആദര്‍ശത്തിനോ പാര്‍ട്ടി നയത്തിനോ പോലും സ്ഥാനമില്ലെന്ന് പിണറായി വിജയന്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. അത് കേരളീയര്‍ക്ക് മനസ്സിലായിട്ടുമുണ്ട്. പാവപ്പെട്ടവന് വേണ്ടിയല്ല ഭരണം എന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പിണറായി വിജയനും സിപിഎമ്മും തെളിയിച്ചു. അതു കൊണ്ടാണ് തോമസ് ചാണ്ടി രാജിവെക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. തോമസ് ചാണ്ടിയെ ചുമന്നതോടെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ വികൃത മുഖമാണ് വെളിവായത്. ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പിണറായി വിജയന് ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.