ദില്ലി:ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ സെക്രട്ടേറിയറ്റില്‍ വച്ച് മുളകുപൊടി ആക്രമണം.ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോള്‍ ചേംബറിന് പുറത്ത് കാത്തുനിന്ന ഒരാള്‍ കയ്യിലിരുന്ന പേപ്പര്‍ മുഖ്യമന്ത്രിക്കു നല്‍കി.തുടര്‍ന്ന് കാല്‍ തൊട്ടു വന്ദിക്കാനെന്ന വ്യാജേന കെജ്രിവാളിന്റെ സമീപത്തെത്തി കുനിഞ്ഞ ശേഷം മുഖത്തിന് നേര്‍ക്ക് മുളക് പൊടി എറിയുകയായിരുന്നു. ‘താങ്കളാണെന്റെ ഏക പ്രതീക്ഷ’ എന്ന് പറഞ്ഞാണ് ഇയാള്‍ കെജ്രിവാളിന്റെ കാല്‍ തൊട്ടു വന്ദിക്കാനൊരുങ്ങിയത്.ആക്രമണത്തില്‍ കെജ്രിവാളിന്റെ കണ്ണട നിലത്ത് വീണുടഞ്ഞു.സംഭവത്തില്‍ ഡല്‍ഹി സ്വദേശിയായ അനില്‍ കുമാര്‍ ശര്‍മ്മ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.സിഗരറ്റ് പാക്കറ്റിനുള്ളില്‍ മുളകുപൊടി നിറച്ചാണ് ഇയാള്‍ എത്തിയതെന്നു പറയുന്നു.
ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ സൗരഭ് ഭരദ്വാജ് ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസും കേന്ദ്രസേനയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്. ഇത് വന്‍ സുരക്ഷാവീഴ്ചയാണെന്നും എഎപി ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആം ആദ്മി തന്നെ സംഘടിപ്പിച്ച ആക്രമണമാണിതെന്ന് ബിജെപി ആരോപിച്ചു.