തിരുവനന്തപുരം:അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ളയും നരകയാത്രയും അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കാണുന്നു. ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കും തിരിച്ചും റെയില്‍വെ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു.കൂടുതല്‍ സര്‍വീസുകള്‍ക്കായി ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസം റെയില്‍വെ ബോര്‍ഡംഗവുമായി ചര്‍ച്ച നടത്തിയിരുന്നു.
കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ടു അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.45ന് കൃഷ്ണരാജപുരത്ത് എത്തും.മടക്ക ട്രെയിനായ 06027 കൃഷ്ണരാജപുരം-കൊച്ചുവേളി സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പര്‍, രണ്ട് തേഡ് എസി, രണ്ട് ജനറല്‍ കോച്ചുകള്‍ എന്നിവയാണ് ട്രെയിനിലുണ്ടാവുക. 29 മുതല്‍ ജൂലൈ ഒന്ന് വരെയാണ് സര്‍വീസ്.
സ്വകാര്യ ലക്ഷ്വറി ബസായ കല്ലടയില്‍ യാത്രക്കാര്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കുള്ള ബസ് യാത്രയുടെ ദുരിതം പുറത്തറിയുന്നത്.തുടര്‍ന്ന് സ്വകാര്യ ബസുകളുടെ നിയമലംഘനവും കൊള്ള നിരക്കുമെല്ലാം അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തുനിഞ്ഞിറങ്ങി.ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലുള്ള പരിശോധനയില്‍ നിരവധി ബസുകള്‍ക്ക് കേസും പിഴയും ചുമത്തി.