ദുബൈയിലേക്ക് പോയ 11 കാസര്‍കോട് സ്വദേശികളെ കാണാതായി, ഐസിസിലെത്തിയെന്ന് സംശയം

    കാസർഗോഡ് രണ്ട് കുടുംബങ്ങളിൽ നിന്നും 11 പേരെ കാണാതായത് ജില്ലയിൽ നിന്ന് വീണ്ടും ഐസിസ് റിക്രൂട്ട്മെന്റ് നടന്നുവെന്ന സംശയം ശക്തമാക്കി. കാസർഗോഡ് മൊഗ്രാലിൽ നിന്ന് മൂന്ന് കുട്ടികൾ അടക്കം ആറ് പേരെയാണ് കാണാതായത്. ഉപ്പളയിൽ നിന്നും അഞ്ച് പേരെയും കാണാതായിട്ടുണ്ട്. ദുബായിലേക്ക് തിരിച്ച ഇവരെ പിന്നീട് കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

    ഇവർ ദുബായിൽ എത്തിയിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയതാണ് ഐസിസ് റിക്രൂട്ട്മെന്റ് സംശയത്തിനിടയാക്കിയത്. കാണാതായ മൊഗ്രാൽ സ്വദേശിക്ക് ദുബായിൽ മൊബൈൽ കടയുണ്ടെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഇവർ ദുബായിൽ നിന്നും എവിടേക്കാണ് പോയതെന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമുണ്ടായിട്ടില്ല. അന്വേഷണ ഏജൻസികൾ ഇക്കാര്യം കണ്ടെത്തുന്നതിന് തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. കാസർഗോഡ് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും നേരത്തെയും നിരവധി പേർ ഭീകരസംഘടനയായ ഐസിസിലെത്തിയതായി വിവരം ലഭിച്ചിരുന്നു. ഇവരിൽ ചിലർ പിന്നീട് കൊല്ലപ്പെട്ടതായും അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു.