തിരുവനന്തപുരം:പ്രളയക്കെടുതിക്ക് ശേഷം വീടുകളിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ എല്ലാം തകര്‍ന്നു കിടക്കുന്ന കാഴ്ച്ചകളില്‍ ആരും തളര്‍ന്നുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അവയെല്ലാം പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ദുരിതങ്ങളില്‍ തളര്‍ന്നുപോവുകയല്ല,അതിജീവിക്കാന്‍ കരുത്തുള്ളവരായി നാം മാറണം. അതിനായുള്ള പാക്കേജുകള്‍ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ദുരന്തത്തിനെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്.ജനങ്ങളെ താമസസ്ഥലത്തേക്ക് എത്തിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ബഹുജനങ്ങളുമെല്ലാം യോജിച്ചു പ്രവര്‍ത്തിക്കുകയാണ്.
വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നമുക്ക് സഹായ ഹസ്തവുമായി മുന്നില്‍ നില്‍ക്കുന്നുണ്ട്.146 കോടി ഇതിനകം തന്നെ ലഭിക്കുന്ന സാഹചര്യമുണ്ട്.ഇതിനു പുറമെ,ഛത്തീസ്ഗഢ്,ആന്ധ്ര,തെലുങ്കാന സംസ്ഥാനങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മനുഷ്യസ്നേഹത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ കാട്ടിത്തന്ന നിരവധി സംഭവങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭൂമി തന്നെ സംഭാവന ചെയ്യാമെന്ന് പറഞ്ഞ കൊച്ചുകുട്ടികള്‍,സ്വന്തമായി ഒരു സൈക്കിള്‍ എന്ന സ്വപ്നത്തിനായി കൂട്ടിയ തുക ദുരിതാശ്വാസത്തിനായി നീക്കിവച്ച കുട്ടി,സമ്പാദ്യപ്പെട്ടി മുഴുവന്‍ ഇതിനായി നീക്കിവച്ച കുട്ടികളും നിരവധിയാണ്.സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി നല്‍കിയവരും ഇതിലുണ്ട്.
ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞത് ഈ വിജയം കേരളത്തിലെ ദുരിതബാധിതര്‍ക്കായി സമര്‍പ്പിക്കുന്നു എന്നാണ്.ഇംഗ്ലണ്ടിലെ വിജയത്തിന്റെ ഘട്ടത്തിലും കേരളീയരെ ഓര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഈ സര്‍ക്കാരിനുവേണ്ടി അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.