ചേര്‍ത്തല: ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പാവങ്ങളില്‍ നിന്നും
പണപ്പിരിവ് നടത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പണം പിരിച്ച മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെയാണ് അര്‍ത്തുങ്കല്‍ പോലീസ് കേസെടുത്തത്. ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയില്‍ വഞ്ചനാകുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.പണപ്പിരിവ് നടത്തിയതിന് ഓമനക്കുട്ടനെ സിപിഎം സസ്പെന്‍ഡ് ചെയ്തിരുന്നു.
പിരിവു നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിനും ക്യാമ്പിലേക്കുള്ള വൈദ്യുതി എടുത്തിരിക്കുന്നത് സ്വകാര്യവ്യക്തിയുടെ വീട്ടില്‍ നിന്നായതിനാല്‍ അതിന് പണം നല്‍കാനുമാണ് പിരിവ് നടത്തുന്നതെന്നാണ് ഇയാള്‍ വിശദീകരിച്ചത്. മുന്‍പും ഇതേപോലെ ദുരിതാശ്വാസക്യാമ്പില്‍ പിരിവ് നടത്തിയിട്ടുണ്ടെന്നും ഓമനക്കുട്ടന് പറഞ്ഞിരുന്നു.
ക്യാമ്പിലേക്ക് ആവശ്യത്തിന് പണം ഉദ്യോഗസ്ഥര്‍ നല്‍കാത്തതുകൊണ്ടാണ് പിരിവ് നടത്തിയതെന്നും ഓമനക്കുട്ടന് പറയുന്നുണ്ട്. എന്നാല്‍ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്ന് തഹസീല്‍ദാര്‍ വ്യക്തമാക്കിയിരുന്നു.