തിരുവനന്തപുരം:മലയാളത്തിലെ നടന്‍മാര്‍ തെലുങ്ക് നടന്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് ഒരു കോടി രൂപ നല്‍കിയ കാര്യം പ്രതിപാദിച്ചാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി വാങ്ങുന്ന നടന്‍മാര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച ‘കെയര്‍ കേരള’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് മന്ത്രിയുടെ പരാമര്‍ശമുണ്ടായത്.
നേരത്തേ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ മലയാളത്തിലെ യുവനടന്‍മാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ യുവനടന്‍മാര്‍ കേരളത്തിനൊരു ദുരിതംവന്നപ്പോള്‍ അനങ്ങിയില്ലെന്നാണ് ഗണേഷ്‌കുമാര്‍ പറഞ്ഞത്.
മലയാള സിനിമയിലെ താരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന് നടി ഷീല പറഞ്ഞു.നടന്‍മാര്‍ തങ്ങളുടെ ഒരു സിനിമയിലെ പ്രതിഫലമെങ്കിലും നല്‍കേണ്ടതായിരുന്നെന്ന് ഷീല വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഷീല 5 ലക്ഷം രൂപ നല്‍കുകയും ചെയ്തു.