തിരുവനന്തപുരം:രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെടുത്തി ദേശാഭിമാനി എഡിറ്റോറിയലില്‍ പപ്പു സ്ട്രൈക്ക് എന്നു പരാമര്‍ശിച്ചത് വിവാദമായതിനു പിന്നാലെ വിഷയത്തില്‍ പി.രാജീവ് മാപ്പു പറയണമെന്ന് വിടി ബല്റാംഎംഎല്എ. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ പി.രാജീവ് ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്കൂടിയാണെന്നത് പത്രത്തോടൊപ്പം രാജീവിന്റേയും നിലവാരം കാണിക്കുന്നുവെന്നാണ് ബല്‍റാം പറയുന്നത്.
രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ചത് വിവാദമായതോടെ പരാമര്‍ശം അനുചിതമെന്നും ജാഗ്രതക്കുറവുണ്ടായത് പരിശോധിക്കുമെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ് ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.
ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:-
സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ ‘മഹാന്മാ’രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാല്‍ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതാം.
സോഷ്യല്‍ മീഡിയയില്‍ പല രാഷ്ട്രീയ നേതാക്കന്മാര്ക്കും എതിരാളികള്‍ പരിഹാസപൂര്‍വ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്.ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോള്‍ കടന്നുവരാറുമുണ്ട്. അതിന്റെ പേരില്‍ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്.എന്നാല്‍ സര്‍ക്കാര്‍ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തില്‍ കൈപ്പറ്റിയും സര്‍ക്കാര്‍ നല്കുന്ന ക്ഷേമപെന്‍ഷനുകള്‍ക്കൊപ്പം നിര്‍ബ്ബന്ധപൂര്‍വ്വം സാധാരണക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.
എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ പി.രാജീവ് തയ്യാറാവണം.