തിരുവനന്തപുരം:ദേശീയപാതാവികസനത്തിന് തടസ്സം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനും ബിജെപിനേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളം ഇന്നേവരെ നേടിയിട്ടുള്ള വികസന നേട്ടങ്ങളെ ഇല്ലാതാക്കി സംസ്ഥാനത്തെ തകര്‍ക്കാനാണ് ബിജെപിയും സംഘപരിവാറും എന്നും ശ്രമിക്കുന്നതെന്നും ദേശീയപാതാ വികസനത്തിന് തടസ്സം നില്‍ക്കുന്നതും ആ ലക്ഷ്യത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയപാത വികസനം എന്ന സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നത്തിന്റെ ചിറകരിയുന്നതാണ് കേന്ദ്ര നടപടി.ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള അയച്ച കത്താണ് ഇപ്പോള്‍ ദേശീയപാത വികസനം നിര്‍ത്തിവെയ്പിക്കാന്‍ ഇടയാക്കിയത്.നാട്ടിലെ ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മാനോഭാവമാണ് ഇതിലുള്ളതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു.
കേരളത്തെ തന്നെ തകര്‍ക്കുക അതാണ് ബിജെപിയുടെ പ്രധാന അജണ്ട.സംസ്ഥാനത്തെ തകര്‍ക്കാനുള്ള ഈ നീക്കങ്ങളെ കേരളജനത ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയപാതയുടെ വികസനം കേരളത്തിന് അത്യാവശ്യമാണ്.യുദ്ധകാലാടിസ്ഥാനത്തില്‍ അത് നടപ്പാക്കുന്നതിനിടെയാണ് ദേശീയപാത അതോറിറ്റി തടസ്സവാദവുമായി വന്നത്.ദേശീയപാതാ വികസനത്തിന്റെ ഒന്നാംഘട്ടത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒന്നാം ഘട്ടത്തിലേക്കും മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ രണ്ടാം ഘട്ടത്തിലേക്കും മാറ്റുകയാണ് ചെയ്തത്. തങ്ങള്‍ക്ക് താല്‍പര്യമുള്ളിടത്ത് മാത്രം വികസനം എന്നതാണ് കേന്ദ്രം സ്വീകരിക്കുന്ന നയം .
ഇതാദ്യമല്ല കേന്ദ്രം കേരളത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നത്.റെയില്‍വേ സോണ്‍, എയിംസ് എന്നിവ നിഷേധിച്ചു.ഓഖി,നിപ്പ,കാലവര്‍ഷക്കെടുത്തി തുടങ്ങിയ ദുരിതകാലത്തും ഈ നിഷേധിക്കല്‍ കേരളം നേരിട്ടറിഞ്ഞതാണ്.അര്‍ഹമായത് തന്നില്ലെന്ന് മാത്രമല്ല; മറ്റ് രാജ്യങ്ങളില്‍നിന്ന് സഹായമടക്കം തടയുകയും ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.