ചെന്നൈ: മെര്‍സല്‍ സിനിമയുടെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണങ്ങള്‍ നീക്കണമെന്ന വിവാദം തമിഴ്നാട്ടില്‍ ചൂടുപിടിക്കുന്നു. നടന് വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ തമിഴ്നാട് നേതാവ് എച്ച്. രാജ സിനിമയ്ക്കെതിരെ രംഗത്തെത്തിയത്.
വിജയ് ക്രിസ്ത്യാനിയാണെന്നും സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും രാജ ട്വീറ്റില്‍ പറയുന്നു. മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയുടെ മതവിശ്വാസത്തിനും പങ്കുണ്ടെന്ന് രാജ പ്രതികരിച്ചു. ക്ഷേത്രങ്ങള്‍ക്കു പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന സനിമയിലെ സംഭാഷണം പള്ളികളെക്കുറിച്ച് അദ്ദേഹം പറയുമോ എന്നും രാജ ചോദിച്ചു.
ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സിനിമയിലുള്ള സംഭാഷണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് ബിജെപിയുടെ വിമര്‍ശത്തിന് ഇടയാക്കിയത്.
ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്നാട് ബി.ജെ.പി നേതൃത്വം സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചിത്രത്തിലെ പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് നിര്‍മാതാവ് ഉറപ്പുകൊടുത്തിരുന്നു.
വിജയ്ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുള്ളതിന്റെ തെളിവാണിതെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള രംഗങ്ങള്‍ മെര്‍സലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്രാജന് ആരോപിച്ചു.
എന്നാല്‍ ചിത്രത്തില്‍ നിന്നും രംഗങ്ങള്‍ ഒഴിവാക്കരുതെന്നും നിരവധി കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. ബിജെപിയുടെ ആവശ്യം അംഗീകരിക്കരുതെന്ന് കബാലി സംവിധായകന് പാ രഞ്ജിത്തും മെര്‍സലിനെ സെന്‍സര്‍ ചെയ്യരുത് നടന് കമലഹാസനും പ്രതികരിച്ചു.