കൊച്ചി:പ്രശ്‌നങ്ങള്‍ പരിഹരിക്കാനൊരുങ്ങി താരസംഘടന.വുമണ്‍ ഇനി സിനിമാ കളക്ടീവ് അംഗങ്ങളായ നടിമാരെ എ.എം.എം.എ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.അടുത്ത മാസം ഏഴിന് കൊച്ചിയിലായിരിക്കും കൂടിക്കാഴ്ച.നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ പാര്‍വ്വതി,പത്മപ്രിയ,രേവതി എന്നിവരെയാണ് എ.എം.എം.എ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് വിമണ്‍ ഇന്‍ സിനിമാകളക്ടീവിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍,രമ്യ നമ്പീശന്‍,ഗീതു മോഹന്‍ദാസ് എന്നിവരും ആക്രമിക്കപ്പെട്ട നടിയും രാജിവച്ചത്.തുടര്‍ന്ന് വിഷയത്തില്‍ താരസംഘടനയുടെ നിലപാടറിയിക്കണമെന്നാവശ്യപ്പെട്ട് പാര്‍വ്വതി,പത്മപ്രിയ,രേവതി എന്നിവര്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് കത്ത് നല്‍കി.ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നും എ.എം.എം.എയിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം.ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് എ.എം.എം.എ ഇവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായത്.