കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഗൂഢാലോചന നടത്തി ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കിയാണ് പൊലീസ് തന്നെ പ്രതി ചേര്‍ത്തതെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ആരോപിച്ചായിരുന്നു ദിലീപിന്റെ ഹര്‍ജി. എന്നാല്‍ അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അപാകതയോ പരാതിയോ ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി വിലയിരുത്തി.നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് തന്നെ കുടുക്കിയതാണന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി.കേസന്വേഷണത്തെ വഴി തിരിച്ചുവിടാനും വിചാരണ വൈകിപ്പിക്കാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.വിശദമായ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും  അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.