ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഈമാസം 11 ലേക്ക് മാറ്റി.കേസില്‍ മെമ്മറി കാര്‍ഡ് എന്ത് തെളിവായാണ് പരിഗണിച്ചതെന്നും ഐ.ടി നിയമപ്രകാരം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിന് പ്രതിക്ക് അവകാശം ഉണ്ടോയെന്നും പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അതിനുശേഷം സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് രേഖയല്ലെന്ന് ദിലീപിനോട് സുപ്രീംകോടതി പറഞ്ഞു. ഇരയുടെ സ്വകാര്യത കൂടി കണക്കിലെടുത്താണ് ദൃശ്യങ്ങള്‍ കൈമാറേണ്ട എന്ന് ഹൈക്കോടതി തീരുമാനിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു.
അതേ സമയം,മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു.ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിസ്‌ക് പോലീസ് രേഖകളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.താനല്ല നടിയെ അക്രമിച്ചതെന്നും നിരപരാധിയാണെന്നും ദൃശ്യങ്ങള്‍ ലഭിച്ചാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്നുമാണ് ദിലീപിന്റെ വാദം.