മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവയ്പ്പിനെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങളെ വകവെയ്ക്കരുതെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കെിലും ഇപ്പോളത് പറഞ്ഞിരിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാലാണ്. മരണത്തിനോ സാരമായ വൈകല്യങ്ങള്‍ക്കോ കാരണമായേക്കാവുന്ന രണ്ട് മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ഇതിനു നേരെ കണ്ണടച്ച് കളയരുതെന്നും താരം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. പറയുന്നത് മോഹന്‍ ലാലായത് കൊണ്ട് തന്നെ നല്ലൊരു വിഭാഗം ജനങ്ങളും അത് അനുസരിക്കുമെന്നാണ് വിലയിരുത്തല്‍.
മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :
രോഗങ്ങൾ, ലോകം ഭയക്കുന്ന നിസ്സഹായതയാണ്. എന്നിട്ടും അലസതയും അറിവില്ലായ്മയും കൊണ്ട് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ദയനീയ കാഴ്ചകൾ പലപ്പോഴും നമുക്ക് ചുറ്റും കാണാം.
ഒരു മാസമായി കേരളത്തില്‍ നടന്നു വരുന്ന മീസില്‍സ്-റുബെല്ല കുത്തിവെപ്പിനെ കുറിച്ച് അറിഞ്ഞിരിക്കുമല്ലോ. പത്താം മാസം മുതല്‍ പത്താം ക്ലാസ് വരെയുള്ള കൊച്ചു മിടുക്കന്മാരും മിടുക്കികളും മാത്രമല്ല, അവരിലൂടെ നമ്മുടെ സമൂഹം മുഴുവനാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഈ പ്രായത്തിലുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുമിച്ച് ഒരേ സമയം കുത്തിവെപ്പ് നല്കി വലിയ പ്രതിരോധം സൃഷ്ടിച്ചാലേ ഈ രോഗാണുക്കള്‍ പടരുന്നത് എന്നെന്നേക്കുമായി നമുക്ക് തടയാന്‍ കഴിയൂ. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വികസിതരാജ്യങ്ങളോട് കിട പിടിക്കുന്ന നമ്മുടെ മലയാളമണ്ണില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടന്ന ഈ പരിപാടിയിലെ പങ്കാളിത്തം ഇതുവരെ എന്തേ അറുപത് ശതമാനത്തിന് മീതേ മാത്രമായി മടിച്ചു നിന്നു?
മരണത്തിനോ സാരമായ വൈകല്യങ്ങള്‍ക്കോ കാരണമായേക്കാവുന്ന രണ്ട് മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവര്‍ണാവസരത്തിന് നേരെ നമ്മളില്‍ ചിലരെങ്കിലും കണ്ണടച്ചു കളഞ്ഞതെന്ത് കൊണ്ടാണ്?
അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം. നമ്മുടെ സമൂഹത്തില്‍ നിന്നും ഈ രണ്ട് മാരകരോഗങ്ങളെ വേരോടെ പിഴുത് കളയുന്ന ഈ യജ്ഞത്തില്‍ നമ്മുടെ മക്കളും പങ്കാളികളാകട്ടെ. അത് നമ്മുടെ കടമയും അവരുടെ അവകാശവുമാണ്. പ്രതിരോധത്തേക്കാള്‍ മികച്ചൊരു ചികിത്സയില്ല. നമുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്. അബദ്ധവിശ്വാസങ്ങള്‍ തിരുത്തപ്പെടട്ടെ. മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടി അതിന്റെ അവസാന ദിനങ്ങളിലേക്ക് കടന്നിരിക്കുന്നു. ഇതുവരെ നല്കാത്തവര് ഇന്നു തന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കണം. മീസില്‍സും റുബെല്ലയും ചരിത്രമാകട്ടെ.