കല്‍പ്പറ്റ:വയനാട് തവിഞ്ഞാലില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തത് അപവാദപ്രചരണത്തില്‍ മനം നൊന്താണെന്ന് സൂചന.മരിച്ച വിനോദിന്റെയും ഭാര്യയുടേയും ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അയല്‍ക്കാരനായ കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു.അയല്‍വാസിയായ സ്ത്രീയെയും തന്നെയും ചേര്‍ത്ത് കുട്ടന്‍ നടത്തിയ അപവാദ പ്രചരണം മൂലമാണ് കുടുംബസമേതം ജീവനൊടുക്കുന്നതെന്നാണ് വിനോദിന്റെ ആത്മഹത്യാക്കുറിപ്പ്.
വിനോദും ഭാര്യ മിനിയും ചേര്‍ന്നെഴുതിയ  ഏഴ് കത്തുകളാണ് പോലീസിന് ലഭിച്ചത്.ഏഴില്‍ അഞ്ച് കുറിപ്പുകളും വിനോദ് എഴുതിയതാണെന്നാണ് പോലീസ് പറഞ്ഞു.തന്റെ ഭര്‍ത്താവുമായി ബന്ധം ആരോപിക്കപ്പെട്ട സ്ത്രീയെ താന്‍ സഹോദരിയെ പോലെയാണ് കാണുന്നതെന്നും ഭര്‍ത്താവിനെ പൂര്‍ണ്ണ വിശ്വാസമാണെന്നും മാനഹാനിയാലാണ് മരിക്കുന്നതെന്നുമാണ് മിനി എഴുതിയിരിക്കുന്നത്.
നാല് പേരെയും ഒരുമിച്ച് ആരോപണവിധേയനായ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നുള്ള തങ്ങളുടെ സ്ഥലത്ത് അടക്കം ചെയ്യണമെന്നും വിനോദിന്റെ കുറിപ്പിലുണ്ട്.കുട്ടന്‍ അപവാദപ്രചരണം നടത്തിയതായി നാട്ടുകാരില്‍ പലരും മൊഴിനല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഇയാള്‍ക്കൊപ്പം അപവാദപ്രചരണം നടത്തിയ കൂടുതല്‍ പേരെ  പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.നാലുപേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.