തിരുവനന്തപുരം:നാളെ സംസ്ഥാനത്ത് കെഎസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെഎസ് യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന സമരത്തിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം നാളെ തടഞ്ഞുകൊണ്ടുള്ള സമരത്തിനാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മില്‍ വലിയ സംഘര്‍ഷമാണ് നടന്നത്. സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും,ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞു. സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സെക്രട്ടേറിയറ്റ് പരിസരത്തേക്കെത്തിയ രണ്ട് പൊലീസ് വാഹനങ്ങളുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു.
കെഎസ് യു അധ്യക്ഷന്‍ കെ.എം അഭിജിത്ത് നടത്തുന്ന നിരാഹാര സമരത്തിന്റെ വേദിയ്ക്ക് സമീപത്തേക്കും പൊലീസ് പ്രയോഗിച്ച കണ്ണീര്‍വാതകഷെല്ലുകളും ഗ്രനേഡുകളും തെറിച്ചു വീണു.ഇതേ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട അഭിജിത്ത് അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.