തിരുവനന്തപുരം:നാളെ മുതല്‍ നാലുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്യും.ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം,ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ജലാശയങ്ങളിലിറങ്ങരുതെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നല്‍കി.
കനത്ത മഴ തുടരുന്ന മൂന്നു ജില്ലകളില്‍ നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.പാലക്കാട് ജില്ലയില്‍ അങ്കണവാടികള്‍ക്കും ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.കോളേജുകള്‍ക്ക് അവധി ബാധകമല്ല.
എറണാകുളം, വയനാട് ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പകരം ഒരു ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും.
കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.