[author image=”https://scontent-sin6-2.xx.fbcdn.net/v/t1.0-9/20766_100992533264829_5673689_n.jpg?oh=02b94185350a9c250ee79eecb7da5f6c&oe=5A647557″ ]നിസാര്‍ മുഹമ്മദ് [/author]


തോമസ് ചാണ്ടി നടത്തിയ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തി ഒക്ടോബര്‍ 25-ന് വീക്ഷണം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.

തിരുവനന്തപുരം: ‘ഒരു സെന്റ് ഭൂമിയെങ്കിലും താന്‍ കയ്യേറിയെന്ന് തെളിയിച്ചാല്‍ മന്ത്രി സ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെച്ച് വീട്ടിലിരിക്കാ’മെന്ന് നിയമസഭയില്‍ ആവേശത്തോടെ പറഞ്ഞ തോമസ് ചാണ്ടിക്ക് ഇനി വാക്കുപാലിക്കാം. ജില്ലാ കളക്ടര്‍ ടി.വി അനുപമ, റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ തേടിയ നിയമോപദേശവും തോമസ് ചാണ്ടിക്ക് എതിരായതോടെ മന്ത്രിയുടെ രാജി ആസന്നമായി. ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിന്റെ തീരുമാനമാണ് തോമസ് ചാണ്ടിയുടെ ‘വിധി’ നിശ്ചയിക്കുക. ഇന്നലെ നടന്ന സി.പി.എം സംസ്ഥാന സമിതിയില്‍ തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം രൂപപ്പെട്ടതോടെ അന്തിമ തീരുമാനം ഇടതുമുന്നണിക്ക് വിട്ടു. അതേസമയം, സി.പി.എം രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും തോമസ് ചാണ്ടി ധൃതിയില്‍ രാജിവെയ്ക്കേണ്ടെന്നുമുള്ള നിലപാടിലാണ് എന്‍.സി.പി നേതൃത്വം.

അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിന്റെ നിയമോപദേശത്തിന്റെ ഉള്ളടക്കം പുറത്തുവന്ന ശേഷമാണ് ഇന്നലെ ഇടതുമുന്നണി യോഗം ചേര്‍ന്നത്. തൊട്ടുപിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ പ്രധാന അജണ്ടയില്‍ ഉള്‍പ്പെടുത്തി വിഷയം ചര്‍ച്ച ചെയ്തു. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് അനധികൃതമായി ഭൂമി കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുത നല്‍കിയ എ.ജിയുടെ നിയമോപദേശം തള്ളിക്കളയാനാവില്ലെന്ന് ഭൂരിഭാഗം സി.പി.എം നേതാക്കളും യോഗത്തില്‍ ആവര്‍ത്തിച്ചു. നിയമോപദേശം വരുന്നതുവരെ കാത്തിരിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടും ചിലര്‍ ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരെ കേസ് അടക്കമുള്ള നിയമനടപടികള്‍ തുടരാമെന്ന എ.ജിയുടെ ഉപദേശം മാനിച്ച് രാജി ആവശ്യപ്പെടുകയാണ് വേണ്ടതെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ എന്‍.സി.പിയുടെ മന്ത്രിയോട് രാജി ആവശ്യപ്പെടുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് കോടിയേരി തോമസ് ചാണ്ടിക്ക് അനുകൂല നിലപാടെടുത്തത്. രാജിക്കാര്യം തോമസ് ചാണ്ടിയും എന്‍.സി.പിയും സ്വയം സ്വീകരിക്കട്ടെയെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ഇനിയും ചാണ്ടിയെ ചുമന്നാല്‍ സര്‍ക്കാരും പാര്‍ട്ടിയും നാണക്കേടിലാകുമെന്ന് മറ്റ് ചില നേതാക്കളും അഭിപ്രായം പറഞ്ഞതോടെ, അന്തിമ തീരുമാനം ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ എടുക്കട്ടെയെന്ന ധാരണയിലെത്തുകയായിരുന്നു.

ഏതായാലും, ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗം ചാണ്ടി വിഷയത്തില്‍ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. മന്ത്രിയുടെ രാജി ശക്തമായി ആവശ്യപ്പെടുമെന്ന് സി.പി.ഐ നേതാക്കള്‍ ഉറപ്പിച്ചു പറയുമ്പോള്‍ ചാണ്ടിയെ രക്ഷിക്കാന്‍ അവസാന പഴുതുതേടി സി.പി.എമ്മിലെ പലരും നിലയുറപ്പിക്കാന്‍ ഇടയുണ്ട്. ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ നടപടി എടുത്തിരുന്നെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിച്ചേനെയെന്നാണ് സി.പി.ഐ ചൂണ്ടിക്കാട്ടുന്നത്. കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത് ചിലരുടെ താല്‍പ്പര്യങ്ങളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നുപറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ നിര്‍വാഹക സമിതി യോഗത്തില്‍ തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന വികാരമാണ് ഉയര്‍ന്നത്. അക്കാര്യം ഇന്നത്തെ ഇടതുമുന്നണി യോഗത്തില്‍ അവതരിപ്പിക്കുമെന്ന് കാനം വ്യക്തമാക്കി.

അതേസമയം, തോമസ് ചാണ്ടി രാജിവെയ്ക്കണോയെന്ന അന്തിമ തീരുമാനം ബുധനാഴ്ച വരെ നീട്ടണമെന്നാണ് എന്‍.സി.പി നേതൃത്വം സി.പി.എം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. തോമസ് ചാണ്ടിക്കെതിരെയുള്ള കേസുകളിന്മേല്‍ ഹൈക്കോടതി വിധി വരുന്നത് അന്നാണ്. കോടതി വിധി എതിരായാല്‍ അദ്ദേഹം സ്വയം രാജിവെച്ചൊഴിയുമെന്ന് ടി.പി പീതാംബരന്‍ മാസ്റ്റര്‍, കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഫോണില്‍ വിളിച്ച് അറിയിച്ചു. ചാണ്ടി രാജിവെച്ചാല്‍ എന്‍.സി.പിക്ക് പകരം മന്ത്രി ഇല്ലാത്ത സ്ഥിതിയാണിപ്പോഴുള്ളതെന്നും എ.കെ ശശീന്ദ്രന്റെ പേരിലുള്ള കേസ്, പരാതിക്കാരി പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം തീരുമാനം അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ അദ്ദേഹത്തിന് വേണ്ടി മാറിക്കൊടുക്കാമെന്നാണ് തോമസ് ചാണ്ടി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. 14-ന് നടക്കുന്ന എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോട്ടില്‍ കാര്‍ പാര്‍ക്കിങ് ഏരിയക്കായി വയല്‍ നികത്തിയെന്നാണ് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. 2014-ന് ശേഷമാണ് വയല്‍ നികത്തിയത്. റിസോര്‍ട്ടിനു സമീപത്തെ നീര്‍ച്ചാല്‍ വഴി തിരിച്ചുവിട്ടു. നിയമം ലംഘിച്ചാണ് റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മ്മിച്ചത്. 2014-ല്‍ പ്രദേശത്ത് നിലം നികത്തല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ കളക്ടര്‍ പത്മകുമാര്‍ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ആര്‍.ഡി.ഒ നടപടി സ്വീകരിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ കൈയേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം ശരിവെച്ചുകൊണ്ടാണ് എ.ജി നിയമോപദേശം നല്‍കിയത്.