ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ തയ്യാറാവാതെ വീണ്ടും പ്രതിഷേധവുമായി ഷെയ്ന് നിഗം രംഗത്തെത്തി. കൂടുതല്‍ പണം നല്കിയാല് മാത്രമേ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കൂ എന്നാണ് ഷെയ്ന് നിഗം ഇപ്പോള്‍ പറയുന്നത്. ജനുവരി അഞ്ചിനകം ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രതിഫല പ്രശ്നം പരിഹരിക്കാതെ ചിത്രത്തോട് സഹകരിക്കില്ലെന്ന നിലപാടിലാണ് ഷെയ്ന്. 2017 -ലാണ് ഉല്ലാസം സിനിമയുടെ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 27 ലക്ഷം രൂപ ഷെയ്നിന് കൈമാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് 45 ലക്ഷം രൂപ വേണമെന്നാണ് താരത്തിന്റെ ആവശ്യം. വെയില് സിനിമയുടെ ചിത്രീകരണവും ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങും പൂര്‍ത്തിയാക്കാന്‍ ഷെയ്ന് നിഗം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്നിന് വിലക്കേര്‍പ്പെടുത്തി. അമ്മ, ഫെഫ്ക സംഘടനകളുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ മുടങ്ങികിടന്ന കുര്‍ബാനി, വെയില് എന്നീ ചിത്രങ്ങളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിങ്ങും പൂര്‍ത്തിയാക്കാന്‍ സഹകരിക്കുമെന്ന് ഷെയ്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിപരീതമായാണ് ഷെയ്ൻ ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന് നേരത്തെ നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഷെയ്ന് തയ്യാറായില്ലെങ്കില്‍ മറ്റൊരാളെ വച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അസോസിയേഷന് വ്യക്തമാക്കി.