തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങള്‍ തണുത്തെങ്കിലും തങ്ങള്‍ സ്വീകരിച്ച നിലപാട് ശരിയെന്ന വാദത്തില്‍ ഉറച്ച് സി.പി.ഐ. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചു പറഞ്ഞു. തങ്ങളുടെ നടപടി ശരിയല്ലെന്ന് സി.പി.എമ്മിന് തോന്നുന്നുണ്ടാകും. പക്ഷെ, സി.പി.ഐയ്ക്ക് ഇപ്പോഴും ആ നിലപാട് തന്നെയാണ്. അത് ശരിയുമാണ്. ഓരോ പാര്‍ട്ടിക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകുമല്ലോയെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും കാനം വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നത് ശരിയായ നടപടിയായിരുന്നുവെന്ന് പാര്‍ട്ടി എക്‌സിക്യൂട്ടീവ് ഏകകണ്ഠമായി അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയിലെ ഒരംഗം സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കുമെതിരെ കോടതിയെ സമീപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറയുന്ന മന്ത്രിയുമായി കാബിനറ്റ് യോഗം പങ്കിടേണ്ടെന്നാണ് തങ്ങള്‍ തീരുമാനിച്ചത്. ഈ തീരുമാനം നിര്‍വാഹക സമിതി ശരിവെച്ചുവെന്നുവെന്നും കാനം പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ അതിനെതിരെ എന്ന് തോന്നിക്കുന്ന ചില ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. അതും എക്‌സിക്യൂട്ടീവ് ഗൗരവമായി ചര്‍ച്ചചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ കെ.ഇ. ഇസ്മയിലിന്റെ പ്രസ്താവനയോടുള്ള അസംതൃപ്തി ദേശീയ എക്‌സിക്യൂട്ടീവിനെ അറിയിക്കാന്‍ തീരുമാനിച്ചു. ഇനിമുതല്‍ എല്‍ഡിഎഫ് യോഗങ്ങളിലും പരിപാടികളിലും സിപിഐയെ പ്രതിനിധീകരിച്ച് കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരാകും പങ്കെടുക്കുകയെന്ന് എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ദേവസ്വം ബോര്‍ഡില്‍ വരുത്തിയ സംവരണ തീരുമാനവും എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയായി. സാമ്പത്തിക സംവരണമല്ല നടപ്പിലാക്കിയതെന്ന് യോഗം വിലയിരുത്തി. ഏതെങ്കിലും തരത്തിലുള്ള നിലവിലെ സംവരണ സംവിധാനത്തെ അട്ടിമറിക്കുന്നതല്ല സര്‍ക്കാരിന്റെ നടപടിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറയുന്ന കാര്യമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയിലായിരിക്കുമെന്ന് അറിയില്ലെന്ന ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശം കാനം തള്ളിക്കളഞ്ഞു. ആര് എവിടൊക്കെ എന്നത് അപ്പോഴറിയാം. തെരഞ്ഞെടുപ്പ് സമയത്ത് ഇവരൊക്കെ ഉണ്ടാകുമോ, പാര്‍ട്ടി ഉണ്ടാകുമോ, ചിലപ്പോള്‍ തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകുമോ എന്നൊന്നും മുന്‍കൂട്ടി പറയാനാകില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സി.പി.ഐ ഒരേ നിലപാടില്‍ ഉറച്ചുനില്‍ക്കും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും തുടക്കം മുതലുള്ള നിലപാട് തന്നെയാണെന്നും കാനം വിശദീകരിച്ചു.