തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബപ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ലേഖയുടെ കൂടുതല്‍ കുറിപ്പുകള്‍ കണ്ടെത്തി.വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ലേഖയുടെ അനുഭവക്കുറിപ്പുകള്‍ എഴുതിയ നോട്ട് ബുക്ക് പോലീസ് കണ്ടെടുത്തത്.തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ അമ്മായിയമ്മ ശ്രമിച്ചതായും താന്‍ നേരിട്ട് പീഡനങ്ങളും ലേഖ കുറിച്ചിട്ടുണ്ട്.
അതേസമയം വീട്ടില്‍ പൂജചെയ്യാനും മറ്റുമായി എത്തിയിരുന്ന മന്ത്രവാദിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നുവെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കിയിരുന്നു.
ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന മിക്ക കാര്യങ്ങളും ഭര്‍ത്താവ് ചന്ദ്രന്‍ പോലീസിനോട് സമ്മതിച്ചു. ആത്മഹത്യ നടന്ന ദിവസവും വീട്ടില്‍ വഴക്കുണ്ടായതായും കൃഷ്ണമ്മ ലേഖയോട് ‘പോയി മരിച്ചുകൂടെ’ എന്നു പറഞ്ഞതായും ചന്ദ്രന്‍ മൊഴി നല്‍കി. മകളുടെ പഠനാവശ്യത്തിനും വീടിന്റെ ജപ്തി ഒഴിവാക്കാനുമായി വീട് വില്‍ക്കാന്‍ ലേഖ ശ്രമിച്ചെങ്കിലും താനും അമ്മയും ചേര്‍ന്ന് തടസ്സം നില്‍ക്കുകയും പൂജകള്‍ തുടരുകയായിരുന്നെന്നും ചന്ദ്രന്‍ പറയുന്നു. ചന്ദ്രന്‍,കൃഷ്ണമ്മ,കാശി,ശാന്ത എന്നിവരെ നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.