[author image=”http://veekshanamonline.media/wp-content/uploads/2017/11/Nizar-Mohammed.jpg” ]നിസാര്‍ മുഹമ്മദ്‌ [/author]

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ അണികളില്‍ എത്തിക്കാന്‍ ഇരുപാര്‍ട്ടികളുടെയും മുഖപത്രങ്ങള്‍ മല്‍സരിക്കുന്നു. മുന്നണിയില്‍ ഐക്യം ശക്തിപ്പെടുത്തുമെന്ന് പറയുമ്പോഴും പരസ്പരമുള്ള ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളുമാണ് പത്രങ്ങളില്‍ ലേഖനങ്ങളും മുഖപ്രസംഗങ്ങളുമായി പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞദിവസം സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന മുഖപ്രസംഗത്തിനെതിരെ ഇന്നലെ ദേശാഭിമാനി മുഖപ്രസംഗം എഴുതി സി.പി.ഐക്ക് മറുപടി നല്‍കി. ഇതിന് പുറമേ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകള്‍ വിശദീകരിച്ച് ഇന്നലെ ജനയുഗം പ്രത്യേക ലേഖനവും പ്രസിദ്ധീകരിച്ചു.

കാനം രാജേന്ദ്രന്റെ പേരുവെച്ച് ജനയുഗം എഴുതിയ മുഖപ്രസംഗത്തെ ദേശാഭിമാനി വിശേഷിപ്പിച്ചത് ‘അസാധാരണം’ എന്നു തന്നെയാണ്. സി.പി.ഐ മന്ത്രിമാര്‍ സമാന്തര മന്ത്രിസഭാ യോഗം നടത്തിയതിനെ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വാക്കാല്‍ വിശേഷിപ്പിച്ചതും ‘അസാധാരണ നടപടി’ എന്നുതന്നെയായിരുന്നു. മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കത്തക്ക എന്ത് അസാധാരണത്വമാണ് ഉണ്ടായതെന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സി.പി.ഐ തീരുമാനം എടുത്തിരുന്നെങ്കില്‍ യോഗം മറ്റൊരുസമയത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടിയിരുന്നത്. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടി. എല്‍.ഡി.എഫിനോ മുന്നണിക്കോ നിരക്കുന്ന നടപടിയാണോ സി.പി.ഐ സ്വീകരിച്ചത് എന്ന് നേതൃത്വം പരിശോധിക്കണമെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.

മന്ത്രിസഭായോഗം ബഹിഷ്‌കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാല്‍ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയല്ല വേണ്ടത്. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രധാനമാണ്. അതിന് വിരുദ്ധമായ ചെറിയ നീക്കംപോലും എല്‍.ഡി.എഫിനെ അധികാരത്തിലേറ്റിയ ജനം പൊറുക്കുകയില്ലെന്ന് ഭേശാഭിമാനി സി.പി.ഐയെ ഓര്‍മ്മിപ്പിക്കുന്നു. ഒരു മുന്നണി എന്നനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നിലപാട് മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്ന സമീപനം പ്രായോഗികമല്ല. അത് മുന്നണി മര്യാദയുമല്ല. അതുകൊണ്ടാണ് കക്ഷികള്‍ തമ്മില്‍ ഉഭയകക്ഷിചര്‍ച്ചയും മുന്നണിക്കകത്തുനിന്നുള്ള ചര്‍ച്ചയും എന്ന രീതി പലപ്പോഴും സ്വീകരിക്കുന്നത്. തോമസ് ചാണ്ടിയെന്ന മന്ത്രിക്കെതിരെ റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചപ്പോള്‍ റവന്യൂമന്ത്രി നേരെ കളക്ടര്‍ക്ക് പരിശോധനയ്ക്കുവേണ്ടി നിര്‍ദേശിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതും ഒരു അസാധാരണ നടപടിയാണ്. ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി കൈകാര്യംചെയ്യുന്ന നടപടിയല്ല ഇവിടെ സ്വീകരിച്ചത്. ഭൂമി പ്രശ്നത്തില്‍ ആലപ്പുഴ ജില്ലാ മുന്‍ കളക്ടര്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ കളക്ടര്‍ സ്വീകരിച്ചത്. ഇതുസംബന്ധിച്ച നിയമപ്രശ്നം ഉടലെടുത്തപ്പോഴാണ് നിയമോപദേശം വാങ്ങി പരിശോധനകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു.

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉണ്ടായ കാലതാമസത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ സാഹചര്യത്തിലാണ് ‘കാര്യങ്ങളുടെ കിടപ്പ്’ ഇങ്ങനെയാണെന്ന് ദേശാഭിമാനി വിശദീകരിക്കുന്നത്. അതേസമയം, സി.പി.എം-സി.പി.ഐ നിലപാടുകളിലുണ്ടായ ഭിന്നതകള്‍ അക്കമിട്ട് നിരത്തിയാണ് ജനയുഗം ഇതിനെ പ്രതിരോധിക്കുന്നത്. അതില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തോമസ് ചാണ്ടി ബുധനാഴ്ചതന്നെ മന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിനെയോ നിയമസഭ കക്ഷിനേതാവിനെയോ ആരും അറിയിച്ചിരുന്നില്ലെന്ന് ജനയുഗം വിശദീകരിക്കുന്നു. മുഖ്യമന്ത്രിയും എന്‍.സി.പി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ റവന്യൂ മന്ത്രിയേയോ പാര്‍ട്ടി സെക്രട്ടറിയേയോ ബന്ധപ്പെട്ടവര്‍ അറിയിച്ചില്ല. മന്ത്രി രാജിവെയ്ക്കുമെന്നുള്ള ധാരണ രാവിലെ ഉണ്ടായിരുന്നുവെന്ന് സി.പി.ഐ അറിയുന്നത് കോടിയേരി വെളിപ്പെടുത്തിയതിലൂടെയാണ്. മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തശേഷം താന്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് വെല്ലുവിളിച്ച് തോമസ് ചാണ്ടി സെക്രട്ടേറിയറ്റില്‍ എത്തിയപ്പോഴാണ് സി.പി.ഐ, നിയമസഭ കക്ഷി നേതാവായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ തങ്ങള്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത്. ഭരണഘടന ലംഘനം നടത്തുകയും താന്‍കൂടി അംഗമായ മന്ത്രിസഭയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ഒരു വ്യക്തിയോടൊപ്പം മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനാകില്ല എന്നത് തന്നെയാണ് സി.പി.ഐയുടെ നിലപാടെന്നും ജനയുഗം വ്യക്തമാക്കുന്നു. ശത്രുപക്ഷത്തിന് ആയുധം നല്‍കിയെന്ന സി.പി.എമ്മിന്റെ ആക്ഷേപവും ജനയുഗം തള്ളുന്നു. തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ചതിലൂടെ ആരാണ് ശത്രുപക്ഷത്തിന് ആയുധം നല്‍കിയത് ജനം വിലയിരുത്തട്ടെയെന്നാണ് ജനയുഗത്തിലെ ലേഖനം വിശദീകരിക്കുന്നത്.