തിരുവനന്തപുരം: നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ നിയമപ്രശ്‌നങ്ങളില്‍ അടിയന്തരമായി തീരുമാനമുണ്ടാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ടുകള്‍ നിരോധിച്ചതുവഴി റിസര്‍വ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ സ്വതന്ത്രമായ നിലനില്‍പ്പുതന്നെ അസാധുവാക്കി. ഇത്തരത്തില്‍ ഭരണഘടനാപരമായ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന തീരുമാനമായിരുന്നു നവംബര്‍ എട്ടിന് നട്ടപ്പാതിരയ്ക്കു നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം. അതുമായി ബന്ധപ്പെട്ട ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം തീര്‍പ്പുണ്ടാകണം. സുപ്രിംകോടതി നിയമപരമായ ഈ ചുമതല  എത്രയും വേഗം നിര്‍വഹിക്കണം. മോദിയുടെ അമിതാധികാരപ്രയോഗം ഭീമമായ ദേശീയ നഷ്ടത്തിലേയ്ക്കാണ് രാജ്യത്തെ നയിച്ചത്. അതിന്റെ ഉത്തരവാദികളെ നിയമത്തിന്റെ പരിശോധനയ്ക്കു വിധേയമാകണം. എത്രയും വേഗം നോട്ടു നിരോധനം സംബന്ധിച്ചുണ്ടായ പൊതുതാല്‍പര്യ ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുകളുടെ മൂല്യം അസാധുവാക്കേണ്ടതെങ്ങനെയെന്ന് 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ടിലെ 26(2) വകുപ്പിലാണ് വ്യവസ്ഥയുള്ളത്. റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് ശിപാര്‍ശയനുസരിച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴിയാണ് നോട്ടുകള്‍ അസാധുവാക്കേണ്ടത്. എന്നു മുതലാണ് നോട്ടുകള്‍ അസാധുവാകുന്നത് എന്ന് നോട്ടിഫിക്കേഷനില്‍ മുന്‍കൂട്ടി പറഞ്ഞിരിക്കണം. അതായത്, പൗരന്റെ കൈവശമിരിക്കുന്ന കറന്‍സി ഒരു നടപ്പാതിരിയ്ക്ക് അസാധുവായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് അവകാശമോ അധികാരമോ ഇല്ല.
നോട്ടുകള്‍ അസാധുവാക്കാന്‍ നിയമപരമായി റിസര്‍വ് ബാങ്കിന്റെ ശിപാര്‍ശ വേണം. അങ്ങനെയൊരു ശിപാര്‍ശ ആര്‍ബിഐ നല്‍കിയിട്ടില്ല. മാത്രമല്ല, തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചാണ് നോട്ടു നിരോധിച്ചത് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ അത്തരം കൂടിയാലോചനകള്‍ നിയമം അനുശാസിക്കുന്നില്ല. മാത്രമല്ല, ഒരു സ്ഥാപനമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം റിസര്‍വ് ബാങ്കിന് ഒരു നിലപാടാണ് ഉണ്ടാകേണ്ടത്. അത്തരം നിലപാടുകള്‍ കൈക്കൊള്ളാനുള്ള ബാങ്കിന്റെ സ്വാതന്ത്ര്യമാണ് കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.