തിരുവനന്തപുരം: ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ടെക്‌നോസിറ്റി ഒന്നാംഘട്ടത്തിലെ പ്രമുഖ വിഭാഗമായ നോളജ് സിറ്റിയെ നയിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള (ഐഐഐടിഎംകെ) തയാറെടുക്കുന്നു. വിവരസാങ്കേതികരംഗത്തെ സംസ്ഥാനത്തിന്റെ നോളജ് ഹബ് എന്ന നിലയിലാണ് നോളജ് സിറ്റി ഒരുങ്ങുന്നത്. ഇതിന്റെ ഗതിനിര്‍ണയ സ്ഥാനമാണ് ഐഐഐടിഎംകെയ്ക്കുള്ളത്.
പ്രധാനമായും മൂന്ന് മേഖലകളിലാണ് നോളജ് സിറ്റിയില്‍ ഐഐഐടിഎംകെ ശ്രദ്ധ കേന്ദ്രീകരിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ്, ബിഗ് ഡേറ്റ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കോഗ്‌നിറ്റിവ് അനാലിസിസ് ആണ് ഇതില്‍ ആദ്യത്തേത്. സര്‍ക്കാര്‍ മേഖലയില്‍ അക്കാദമിക് രംഗത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനകേന്ദ്രമാകും നോളജ് സിറ്റിയിലേത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിആര്‍ഡിഒയ്ക്ക് ഇത്തരം പഠനകേന്ദ്രം ഉണ്ടെങ്കിലും അത് പ്രതിരോധ സംബന്ധിയായ പഠനങ്ങള്‍ക്കാണ് സജ്ജമാക്കിയിരിക്കുന്നത്.
സൈബര്‍ യുഗത്തില്‍ നിര്‍ണായകമായ വിവരസുരക്ഷ ഒരുക്കുന്ന സൈബര്‍ സെക്യൂരിറ്റി വിഭാഗമാണ് മറ്റൊരു പ്രധാന മേഖല. വിവരകൈമാറ്റ രംഗത്ത് വികേന്ദ്രീകരണത്തിന്റെ നൂതനമാതൃകയായ ബ്ലോക്‌ചെയിന്‍ ആണ് മൂന്നാമത്തേത്. വ്യവസായ പ്രമുഖരുമായി ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യാ പഠനത്തില്‍ ഐഐഐടിഎംകെ നിലവില്‍തന്നെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍തന്നെ ഈ മൂന്ന് മേഖലകളില്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ആദ്യ സ്ഥാപനമാകും ഐഐഐടിഎംകെ. ഇതുകൂടാതെ, രണ്ടാംഘട്ടത്തില്‍ ഇലക്ട്രിക് മൊബിലിറ്റി, സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സയന്‍സ് എന്നീ മേഖലകളിലേക്കും നോളജ് സിറ്റിയില്‍ ഐഐഐടിഎംകെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
മികവിന്റെ കേന്ദ്രമായി ഇതിനോടകം തെളിയിക്കപ്പെട്ട ഐഐടിഎംകെ തന്നെയാണ് വിവരസാങ്കേതികവിദ്യയില്‍ കേരളത്തിന്റെ ഏറ്റവും മികച്ച വിജ്ഞാന പദ്ധതിയെ മുന്നോട്ടു നയിക്കേണ്ടതെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുവേണ്ട കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും ഈ കേന്ദ്രത്തില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.