ജിദ്ദ: ന്യൂ ത്വാഇഫ്​ പദ്ധതികളുടെ ഉദ്​ഘാടനം ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സൽമാൻ രാജാവ്​ നിർവഹിച്ചു. പുതിയ ത്വാഇഫ്​ വിമാനത്താവളം, സൂഖ്​ ഉക്കാദ്​ പട്ടണം, ടെക്​നിക്കൽ പാർക്ക്​, ഭവന പദ്ധതി, വ്യാവസായിക പട്ടണം, വിദ്യാഭ്യാസനഗരം എന്നീ പദ്ധതികളുടെ ഉദ്​ഘാടനമാണ്​ രാജാവ്​ നിർവഹിച്ചത്​. പദ്ധതികളുടെ പ്രസ​േൻറഷൻ മക്ക ഗവർണറുടെ ഉപദേഷ്​ടാവ്​ ഡോ. സഅദ്​ മുഹമ്മദ്​ മാർക്​ അവതരിപ്പിച്ചു. ത്വാഇഫിന്​ വടക്ക്​ കിഴക്ക്​ 1250 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ്​ ന്യൂ ത്വാഇഫ്​ പദ്ധതി നടപ്പിലാക്കുന്നത്​. ഏകദേശം 1100 കോടി റിയാൽ ചെലവ്​ വരുമെന്നാണ്​ കണക്കാക്കുന്നത്​. ആറ്​ പദ്ധതികൾ ത്വാഇഫി​​​െൻറ മുഖച്​ഛായ മാറ്റാൻ ഉതകുന്നതാണ്​.

എടുത്തുപറയേണ്ടതാണ്​ പുതിയ ത്വാഇഫ്​ വിമാനത്താവള പദ്ധതി. ഇതിനുള്ള നടപടികൾ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ ആരംഭിച്ചിട്ടുണ്ട്​. പദ്ധതി നടപ്പിലാക്കുന്നതിന്​ പ്രമുഖ കമ്പനികളുമായി ഇതിനകം ധാരണയിൽ ഒപ്പുവെക്കുകയും ചെയ്​തിട്ടുണ്ട്​. 2020ൽ പൂർത്തിയാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വിഷൻ 2030​​െൻറ ഭാഗമായി മക്ക മേഖലയിൽ പൂർത്തിയാകുന്ന ആദ്യത്തെ പദ്ധതിയായിരിക്കും ഇത്​. 48 ദശലക്ഷം ചതുരശ്രമീറ്ററിൽ നടപ്പിലാക്കുന്ന പദ്ധതി ചെലവ്​ 313 കോടി റിയാൽ വരുമെന്നാണ്​ കണക്ക്​. ത്വാഇഫിൽ നിന്ന്​ 40 കിലോമീറ്റർ അകലെയാണ്​​ പുതിയ എയർപോർട്ട്​​ പദ്ധതി നടപ്പിലാക്കുന്നത്​. സൂഖ്​ ഉക്കാദ്​ സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം മേഖല ഗവർണറേറ്റിന്​ കീഴിൽ ആരംഭിച്ചിട്ടുണ്ട്​. ഉക്കാദ്​ കൂടാരം, ഒാഡി​റ്റോറിയം, റോഡുകൾ, വൈദ്യുതി എന്നിവ ഇതിനകം നടപ്പിലാക്കി​. വിഷൻ 2020ൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പാണ്​ ഇൗ പദ്ധതി നടപ്പിലാക്കുന്നത്​. സൗദി മന്ത്രി സഭ ഇതിന്​ അംഗീകാരം നൽകുകയും 815 ദശലക്ഷം റിയാൽ ബജറ്റിൽ വകയിരുത്തുകയും ചെയ്​തിട്ടുണ്ട്​. മൂന്നാമത്തെ പദ്ധതി ടെക്​നിക്കൽ പാർക്കാണ്.​

കിങ്​ അബ്​ദുൽ അസീസ്​ സയിൻസ്​ ആൻറ്​ ടെക്​നോളജി സിറ്റിക്ക്​ കീഴിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്​. 35 ദശലക്ഷം ചതുരശ്രമീറ്ററിലാണ്​ ഇത്​ നടപ്പിലാക്കുന്നത്​. ​സ്​ഥലം കൈമാറുന്ന നടപടികൾ പൂർത്തിയായി​. ​ചെറിയ വിമാന നിർമാണ അസംബ്​ളി യൂനിറ്റ്​, സോളാർ പാനൽ ബോർഡ്​ നിർമാണ പ്​ളാൻറ്​ തുടങ്ങി വലിയ പദ്ധതികൾ സിറ്റിക്ക്​ കീഴിലുണ്ടാക്കാനാണ്​ പരിപാടി. നാലാമത്തേത്​ പാർപ്പിട പദ്ധതിയാണ്​. പതിനായിരത്തിലധികം ഹൗസിങ്​ യൂനിറ്റുകൾ ഉൾക്കൊള്ളുന്നതാണിത്​. മക്ക മേഖലയിലെ ഏറ്റവും വലിയ പാർപ്പിട പദ്ധതി പദ്ധതിയാകുമെന്നാണ്​ വിലയിരുത്തൽ. ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്​. പുതിയ വ്യവസായ നഗരി ത്വാഇഫിൽ നിന്ന്​ 55 കിലോമീറ്റർ അകലെയാണ്​ നിർമിക്കുന്നത്​. 11 ദശലക്ഷം ചതുരശ്രമീറ്ററിൽ നിർമിക്കുന്ന സിറ്റിക്ക്​ 120 ദശലക്ഷം റിയാലാണ്​ ചെലവ്​ കണക്കാക്കുന്നത്​. ഹെവി, ലൈറ്റ്​ വ്യവസായ സ്​ഥാപനങ്ങളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഇതിലുണ്ടാകും. വിവിധ കോളജുകളും താമസ​കേന്ദ്രങ്ങളോടും കൂടിയ വിദ്യാഭ്യാസനഗരി പദ്ധതി 16,34,4000 ചതുരശ്ര മീറ്ററിലാണ്​ നടപ്പിലാക്കുന്നത്​. നിർമാണ ചെലവ്​ രണ്ട്​ ബില്യൻ റിയാൽ വരുമെന്നാണ്​ കണക്ക്​​.