കൊച്ചി:ആബുലന്‍സില്‍ സമയത്തെയും ദൂരത്തേയും കൈപ്പിടിയിലാക്കി അമൃതാ ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞിനുവേണ്ടി ഒരു നാടു മുഴുവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വര്‍ഗീയതയുടെ വിഷം വമിപ്പിച്ചുകൊണ്ട് ഒരാള്‍ പോസ്റ്റിട്ടത് ആരെയും അമ്പരിപ്പിച്ചിരുന്നു. ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെ പരാമര്‍ശത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന.ബിനില്‍ സോമസുന്ദരം എന്ന ഹിന്ദുരാഷ്ട്രപ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി നല്‍കിയ കാര്യം ശ്രീജിത്ത് പെരുമന ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം പറയുന്നു.
കുഞ്ഞിന്റെ ജീവനും കയ്യില്‍പ്പിടിച്ചുള്ള യാത്രയില്‍ വഴിയൊരുക്കാനായി സഹായം അഭ്യര്‍ത്ഥിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.ഇതിനു മറുപടിയായാണ് ‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം.കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്.ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഹിന്ദു രാഷ്ട്രപ്രവര്‍ത്തകനെന്നാണ് ഇയാള്‍ പറയുന്നത്.
അതേസമയം പ്രതിഷേധം ശക്തമായതോടെ ബിനില്‍ സോമസുന്ദരം പോസ്റ്റ് പിന്‍വലിക്കുകയും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തു.എന്നാല്‍ ഇയാള്‍ ട്വിറ്ററിലും ഇതേ പോസ്റ്റിട്ടിരുന്നു.